കോവിഡ് സന്നദ്ധസേവന പരിപാടിക്ക് മികച്ച പ്രതികരണം, പിന്തുണയുമായി ജനപ്രതിനിധികൾ
പൊതുജനപങ്കാളിത്തത്തോടെ കോവിഡ് പ്രതിരോധം ഊർജിതമാക്കാൻ തുടങ്ങിയ സന്നദ്ധസേവന പരിപാടിക്ക് ജില്ലയിൽ മികച്ച പ്രതികരണം. വൊളന്റിയർമാരായി പ്രവർത്തിക്കാൻ പൊതുവിഭാഗത്തിൽ 3052 പേരും പോലീസ് വിഭാഗത്തിൽ 428 പേരും രജിസ്റ്റർ ചെയ്തു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പരിപാടിക്ക് എം.പി.മാരും നിയുക്ത എം.എൽ.എ.മാരും പിന്തുണ അറിയിച്ചു. രോഗപ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാൻ കൂടുതൽ ജനപങ്കാളിത്തം വേണമെന്ന് കളക്ടർ എം.അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. പുതിയതായി രജിസ്റ്റർ ചെയ്ത വൊളന്റിയർമാർക്ക് പരിശീലനം നൽകി ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ നടപടി ആരംഭിച്ചു. രോഗികൾക്കും ക്വാറൻറീനിലും വീടുകളിൽ കഴിയുന്നവർക്കും ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിക്കുന്നത് ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഇവർ പ്രവർത്തിക്കും.
പോലീസിന്‍റെ അനുമതിയോടെ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നവരാണ് പോലീസ് വൊളന്റിയർമാർ.
നിലവിലെ ക്രമീകരണങ്ങൾ കളക്ടർ, ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് എന്നിവർ വിശദമാക്കി.
ആദ്യ ഡോസ് വാക്സിൻ എടുത്ത, രണ്ടാം ഡോസിനുള്ള സമയപരിധി കഴിയാറായവർക്ക് മുൻഗണന നൽകണമെന്ന് ജനപ്രതിനിധികൾ നിർദേശിച്ചു. കൂടുതൽ വാക്സിൻ ലഭിക്കുന്നമുറയ്ക്ക് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണം. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള മേഖലകളിൽ പ്രത്യേകമായ ജാഗ്രത വേണമെന്നും അവർ നിർദേശിച്ചു. വാക്സിൻ ലഭിക്കുന്നമുറയ്ക്ക് അതിഥി തൊഴിലാളികൾക്കും നൽകും.
എം.പി.മാരായ തോമസ് ചാഴികാടൻ, ആൻറോ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, നിയുക്ത എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എൻ.വാസവൻ, ഉമ്മൻ ചാണ്ടി, സി.കെ.ആശ, ഡോ. എൻ.ജയരാജ്, മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു