പോലീസുകാരുടെ ആവശ്യം പരിഗണിച്ചു; ഇനി ഷിഫ്റ്റ് രീതിയിൽ ഡ്യൂട്ടി
ലോക്ഡൗണിന് പിന്നാലെ വ്യാപക വാഹനപരിശോധന അടക്കമുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ജോലിയിൽ ഷിഫ്റ്റ് രീതി ആരംഭിക്കണമെന്ന പോലീസ് സംഘനകളുടെ ആവശ്യത്തിൽ അനുകൂല തീരുമാനവുമായി സർക്കാർ. തിങ്കളാഴ്ച മുതൽ ഷിഫ്റ്റ് സംവിധാനം ആരംഭിക്കാൻ നിർദേശിച്ചുള്ള സന്ദേശം ജില്ലാ പോലീസ് മേധാവിമാർക്ക് ലഭിച്ചിട്ടുണ്ട്. പോലീസ് മേധാവിക്കു വേണ്ടി എ.ഡി.ജി.പി. മനോജ് എബ്രഹാമാണ് സന്ദേശം നൽകിയിട്ടുള്ളത്.
മൂന്ന് ഷിഫ്റ്റുകളിലായി ഡ്യൂട്ടി ക്രമീകരിക്കണമെന്നായിരുന്നു കേരള പോലീസ് അസോസിയേഷന്റെ ആവശ്യം. സ്റ്റേഷൻ ഡ്യൂട്ടിയോടൊപ്പം വാഹനപരിശോധന, ക്വാറന്റീനിൽ കഴിയുന്നവരുടെ ചെക്കിങ് ഡ്യൂട്ടി, മറ്റ് കോവിഡ് ഡ്യൂട്ടികൾ എന്നിവ നിലവിലുണ്ട്. ഓരോ പോലീസ് ജില്ലയിലെയും സാഹചര്യത്തിന് അനുസരിച്ച് ഷിഫ്റ്റ് സംവിധാനം കൊണ്ടുവരാനാണ് നിർദേശം.
ഇതോടൊപ്പംതന്നെ ഡ്യൂട്ടി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ദൂരെ താമസിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് താമസ സ്ഥലത്തിനോട് ചേർന്നുള്ള പോലീസ് സ്റ്റേഷനിൽ താത്‌കാലികമായി അറ്റാച്ച് ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.
രണ്ട് പ്രധാന ആവശ്യങ്ങൾകൂടി
ക്വാറന്റീൻ ചെക്ക്, കൺടെയ്ൻമെന്റ് സോൺ ചെക്ക് തുടങ്ങിയ ഇടങ്ങളിലെ ആവശ്യങ്ങൾക്ക് ദിവസവും ഓരോ സ്റ്റേഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥർക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടി വരാറുണ്ട്. വാഹനങ്ങളുടെ പരിമിതി മൂലം സ്വന്തം വാഹനങ്ങളിലാണ് പോലീസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും യാത്ര ചെയ്യുന്നത്. അതിനാൽത്തന്നെ ഇന്ധനച്ചെലവിന് തന്നെ വലിയൊരു തുക ചെലവാകും.
ഇന്ധനച്ചെലവ് അഡ്വാൻസായോ, പ്രത്യേക ലോഗ് ബുക്കിന്റെ അടിസ്ഥാനത്തിലോ അനുവദിച്ചുനൽകണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.