കോവിഡ് ചികിത്സ : കോട്ടയം ജില്ലയിലെ ആശുപത്രികളിൽ കിടക്കകൾ നിറഞ്ഞു; പ്രവേശനം അത്യാസന്നരോഗികൾക്ക് മാത്രം

കോട്ടയം ജില്ലയിലെ എല്ലാ താലൂക്കുകളിലും പൊതുസംവിധാനത്തിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ കിടക്കകൾ നിറയുന്നു. ഒന്നാം നിര, രണ്ടാം നിര ചികിത്സാകേന്ദ്രങ്ങളിലും കിടക്കകൾ കാര്യമായി ഒഴിവില്ല. വളരെ അത്യാസന്ന നിലയിലുള്ളവരെ ചികിത്‌സിക്കേണ്ട ജില്ലാ,ജനറൽ ആശുപത്രികളിൽ തീവ്രപരിചരണവിഭാഗത്തിൽ ഒഴിവില്ലാതെ വരുമ്പോൾ രോഗികളെ മെഡിക്കൽ കോളേജിലേക്ക് വിടുകയാണ് ചെയ്യുന്നത്.

മെഡിക്കൽ കോളേജ്

കോവിഡ് ചികിതത്സയ്ക്ക് 285 കിടക്കകൾ സജ്ജമാക്കിയത് നിറഞ്ഞിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലെ 86 കിടക്കകളിലും രോഗികളുണ്ട്. കൂടുതൽ രോഗികൾ വന്നാൽ കിടത്താൻ മറ്റ് വിഭാഗങ്ങൾ ഒഴിപ്പിച്ച് സജ്ജമാക്കും.കോവിഡ് ചികിത്സയ്ക്കാണ് പ്രാധാന്യം നൽകുക.

ജനറൽ ആശുപത്രിയിൽ ഉപയോഗിക്കാതെ വെച്ചിരുന്ന ഒൻപത് പോർട്ടബിൾ വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജിന് കൊടുത്തു.

കോട്ടയം

ജനറൽ ആശുപത്രിയിൽ 139 കോവിഡ് കിടക്കകളിൽ 125-ലും രോഗികളുണ്ട്. നാല് ഐ.സി.യു. കിടക്കകളാണുള്ളത്. ഇതിൽ മൂന്നിലും രോഗികളുണ്ട്. ഒരെണ്ണം വളരെ അത്യാവശ്യരോഗികൾക്ക് മാറ്റിവെച്ചിരിക്കുന്നു.വളരെ അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രം കിടത്തിയാൽ മതിയെന്നാണ് തീരുമാനം. പ്രാദേശികമായ കോവിഡ് കേന്ദ്രങ്ങളിൽനിന്ന് റഫർ ചെയ്യുന്ന മുറയ്ക്ക്‌ മാത്രമാണ് പ്രവേശനം നൽകുക.

ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി താലൂക്ക് ജനറൽ ആശുപത്രിയിൽ കോവിഡ് മിനി ഐ.സി.യു. തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ കിടക്കകൾ ഒഴിവില്ല. കോവിഡ് വാർഡിൽ 54 കിടക്കകളുണ്ട്‌. ഇവിടെ കിടക്കകൾ ഒഴിവില്ല. ഓക്‌സിജൻ ആവശ്യത്തിനുണ്ട്. വെന്റിലേറ്റർ സൗകര്യമില്ല. സി.എഫ്.എൽ.ടി.സി.കളും ഡി.സി.സി.കളും എല്ലാ പഞ്ചായത്തുകളിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രമില്ല. മെഡിക്കൽ വാർഡിന് പ്രത്യേകമായി ഐ.സി.യു.വുമില്ല. പുതിയ കാത്ത് ലാബിൽ ഐ.സി.യു. സംവിധാനം ഉണ്ടെങ്കിലും കാർഡിയോളജിസ്റ്റ് അടക്കമുള്ള ജീവനക്കാരെ നിയമിക്കാത്തത്തിനാൽ തുറന്നില്ല. താലൂക്കിലെ ഏക കോവിഡ് ചികിത്സാകേന്ദ്രമായ മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സി.എസ്.എൽ.ടി.സി.യിലും ഐ.സി.യു. ഇല്ല.

പാലാ

പാലാ ജനറലാശുപത്രിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ നിലവിൽ 105 രോഗികളാണുള്ളത്. 105 പേരെ ചികിത്സിക്കാൻ സൗകര്യമുണ്ട്‌.

തീവ്രപരിചരണവിഭാഗം ഇല്ല.ഓക്‌സിജൻ സിലിൻഡറുകൾ അത്യാവശ്യത്തിന് എത്തുന്നുണ്ട്. കിറ്റുകളുടെ അപര്യാപ്തതമൂലം കോവിഡ് പരിശോധന കുറയുന്നു. അത്യാവശ്യഘട്ടങ്ങളിൽമാത്രം പരിശോധന നടത്താനാകൂ.

വൈക്കം

വൈക്കത്ത് അത്യാഹിതസ്വഭാവമുള്ള കേസുകൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയാണ് രീതി. ഐ.സി.യു. ക്രമീകരണമായിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഏറ്റെടുത്തെങ്കിലും കോവിഡ് ചികിത്സാ കേന്ദ്രം തുറന്നില്ല.ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറർ ടൗൺഹാളിൽ തുറന്നിട്ടുണ്ട്. ഒാക്സിജൻ സൗകര്യമുണ്ട്. 70 രോഗികളുണ്ട്. ഇനി കിടക്കകളില്ല. 100 കിടക്കകളോടെ ബോയ്സ് സ്കൂളിലെ പുതിയ കെട്ടിടത്തിൽ കോവിഡ് ചികിത്സാ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് ചെയ്യും. താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം സജ്ജമായിട്ടില്ല. ഇവിടെ ഒാക്സിജൻ പ്ലാന്റുമുണ്ട്.

error: Content is protected !!