കോവിഡ് രോഗബാധയാൽ നാടിന് ശ്വാസം മുട്ടി തുടങ്ങിയപ്പോൾ, മലനാട് അവസരത്തിനൊത്തുയർന്നു.. കാഞ്ഞിരപ്പള്ളിയിൽ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നു.
കാഞ്ഞിരപ്പള്ളി : നാട് ദുരിതത്തിൽ അകപ്പെടുമ്പോൾ, കൈത്താങ്ങായി മലനാട് ചാരിറ്റബിള്‍ സൊസൈറ്റി എന്നും ഓടിയെത്താറുണ്ട് . കേരളം പ്രളയദുരിതത്തിൽ അകപെട്ടപ്പോൾ, മലനാടിന്റെ കരുതലും സ്നേഹവും ഏവരും അനുഭവിച്ചറിഞ്ഞതാണ്. നിലവിൽ നാടെങ്ങും കോവിഡ് രോഗികളാൽ നിറയുന്ന അവസ്ഥ വന്നപ്പോൾ, അവർക്ക് സ്വാന്തനം ഏകുവാൻ മലനാട് മുന്നിട്ടിറങ്ങി കഴിഞ്ഞു. ഓക്‌സിജന്റെ ദൗർലഭ്യതയിൽ കോവിഡ് രോഗികൾ എന്തുചെയ്യണം എന്നറിയാതെ പരക്കം പായുന്ന അവസ്ഥയിൽ, കാഞ്ഞിരപ്പള്ളിയിൽ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ച് നാടിന്റെ ദുരിതം അകറ്റുവാനാണ് മലനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ തീരുമാനം.
രാജ്യമൊന്നാകെ കോവിഡിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം ചികിത്സാ രംഗത്തുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ മലനാട് എന്ന ചാരിറ്റബിള്‍ സൊസൈറ്റി സാമൂഹ്യ പ്രതിബദ്ധതയോടുകൂടി ഓക്‌സിജന്‍ ജനറേഷന്‍ രംഗത്തേക്ക് കടന്നുവരികയാണ്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ ഉത്പ്പാദിപ്പിച്ച് സിലിണ്ടറുകളില്‍ നിറയ്ക്കുന്നതിനുള്ള ഫാക്ടറിയുടെ പണികള്‍ പുരോഗമിക്കുന്നു. പൂനയിലുള്ള ഓത്തൂസ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയില്‍ നിന്നും ഫാക്ടറിയിലേക്ക് ആവശ്യമായ യന്ത്രോപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞുവെന്ന് മലനാടിന്റെ ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു.
മലനാടിന്റെ ഈ ഉദ്യമത്തില്‍ ശക്തമായ പ്രോത്സാഹനവും നിര്‍ദേശങ്ങളുമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലും വികാരി ജനറാളും മലനാടിന്റെ പ്രസിഡന്റുമായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കലും കൂടെയുണ്ടെന്നും ജില്ലാഭരണകൂടവും , എംഎൽഎയും, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരും റവന്യു, കെഎസ്ഇബി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പഞ്ചായത്ത് പ്രസിഡന്റും പ്രതിനിധികളും ഈ പദ്ധതിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായ സഹകരണത്തോടും സവിശേഷമായ പ്രോത്സാഹനത്തോടും പരിപൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.