ഇരിക്കാട്ട് ആർ.സുകുമാരൻ നായരുടെ വേർപാടിലൂടെ പൊൻകുന്നത്തിന് നഷ്ടമായത് ആത്മീയതയിലും സാമൂഹിക പുരോഗതിയിലും വേറിട്ട വഴിയിലൂടെ സഞ്ചരിച്ച മനുഷ്യസ്നേഹിയെ.
പൊൻകുന്നം: എൻ.എസ്.എസിലൂടെ സമുദായപ്രവർത്തനരംഗത്ത് ശോഭിക്കുമ്പോഴും ജാതിഭേദമെന്യേ ജനങ്ങളുടെ ആത്മീയോന്നതിക്കായി പരിശ്രമിച്ച വ്യക്തി; ഇരിക്കാട്ട് ആർ.സുകുമാരൻ നായരുടെ വേർപാടിലൂടെ പൊൻകുന്നത്തിന് നഷ്ടമായത് ആത്മീയരംഗത്തും സാമൂഹികരംഗത്തും നവീനപാത തുറന്നയാളെയാണ്.
ഭാര്യ ശാരദാമ്മ മരിച്ച് നാലാമത്തെ ദിവസം സുകുമാരൻ നായരും വിടപറഞ്ഞപ്പോൾ ആ വേദന ഇരിക്കാട്ടുകുടുംബത്തിന്റേതുമാത്രമല്ല, നാടിന്റേതുകൂടിയായി. ഹൈന്ദവസമൂഹത്തിന് സനാതനമൂല്യം പകർന്നുനൽകാൻ ലക്ഷ്യമിട്ട് ആറുപതിറ്റാണ്ട് മുൻപ് പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തോട് ചേർന്ന് ദേവിവിലാസം മതപാഠശാലയൊരുക്കി. മരിക്കുംവരെയും സാരഥ്യം വഹിച്ചു. കാൽനൂറ്റാണ്ട് പുതിയകാവിൽ സപ്താഹാചാര്യന്മാരെ എത്തിച്ച് ഭാഗവതസപ്താഹം സംഘടിപ്പിച്ചു. കേരളത്തിൽ പകൽകഥകളി എന്ന ആശയം ആദ്യമായി പുതിയകാവിൽ പരീക്ഷിച്ചു.
പൊൻകുന്നം എൻ.എസ്.എസ്. യൂണിയൻ കമ്മിറ്റിയംഗം, പുതിയകാവ് ദേവസ്വം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു സുകുമാരൻ നായർ. മുപ്പതുവർഷത്തോളം ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്.കരയോഗം പ്രസിഡന്റായിരുന്നു. മാവേലി സ്റ്റോർ, സർക്കാർ ഹോമിയോ ആശുപത്രി, അങ്കണവാടി എന്നിവയ്‌ക്കൊക്കെ കരയോഗക്കെട്ടിടവും സ്ഥലവും ലഭ്യമാക്കി.
പൊൻകുന്നം രാജേന്ദ്രമൈതാനം-തിയേറ്റർപടി റോഡ് നിർമാണത്തിലും പിന്നീട് വീതികൂട്ടി നിർമിക്കുന്നതിലും മുൻകൈയെടുത്തു.
പുലിയറയ്ക്കൽ കുടിവെള്ളപദ്ധതിയുടെ ജലസംഭരണിക്കായി സ്വന്തം സ്ഥലം ദാനം ചെയ്യുകയും ചെയ്തു. ഹൈന്ദവസംഘടനകളുടെയെല്ലാം ക്ഷേമപ്രവർത്തനങ്ങളിലും പങ്കാളിയായി.
ആദ്യകാലത്ത് തന്റെ ലാംബി സ്‌കൂട്ടറിൽ നാട്ടിലുടനീളം സഞ്ചരിച്ച് സമുദായ, സാമൂഹികപ്രവർത്തനം നടത്തി. ശ്രീകുമാർ സൗണ്ട്‌സ് എന്ന കേരളത്തിലെ ആദ്യകാല മൈക്ക് സെറ്റിന്റെ ഉടമയായിരുന്നു. ഏറെ വർഷം പമ്പ, ശബരിമല ക്ഷേത്രങ്ങളിലും തെക്കൻ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ‘ശബ്ദവും വെളിച്ചവും’ ഒരുക്കിയത് സുകുമാരൻ നായരുടെ ശ്രീകുമാർ സൗണ്ട്‌സായിരുന്നു.