കൊവിഡ്‌ 19: സുരക്ഷ ഇരട്ടിയാക്കാൻ വേണം ഡബിൾ മാസ്കിംഗ്

വൈറസ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഇരട്ടി ശ്രദ്ധ ആവശ്യമായ നിർണായക ഘട്ടത്തിലാണ് നമ്മൾ. മുൻപ് എത്ര ശ്രദ്ധ നൽകിയോ അതിൻറെ ഇരട്ടിയോ അതിലധികമോ ജാഗ്രത ഉണ്ടായിരിക്കേണ്ട സമയം. പ്രാഥമിക മുൻകരുതൽ എന്ന നിലയിൽ ആദ്യം മാസ്ക് ഉപയോഗം തന്നെ പരിഗണിയ്ക്കാം. ഒരു മാസ്കിന് തടയാവുന്നതിനപ്പുറമാണ് കാര്യങ്ങളെന്ന് ദിവസവുമുള്ള കൊവിഡ്‌ പോസിറ്റിവ് ആയ ആളുകളുടെ എണ്ണം വ്യക്തമാക്കുന്നുണ്ട്.

രോഗാണുക്കൾ ശരീരത്തിൽ നിന്ന് പുറത്തു പോകാനും ശരീരത്തിലേയ്ക്ക് കയറാനും കാരണമാകുന്ന മൂക്കും വായും കൂടുതൽ സുരക്ഷിതമാക്കിയെ തീരൂ. നിയമപാലകരുടെ കണ്ണിൽ പൊടിയിടാനല്ല, പകരം നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവൻ സംരക്ഷിയ്ക്കാൻ മാസ്ക് ഉപയോഗത്തിൽ വീഴ്ചയുണ്ടാകരുത്. അത്തരത്തിൽ ഏറ്റവും ഫലപ്രദമായി മാസ്ക് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗമാണ് ഡബിൾ മാസ്കിംഗ്. കേസുകളുടെ എണ്ണം കൂടുന്നതും കൂടുതൽ ശക്തി പ്രാപിച്ച പുതിയ വേരിയന്റുകൾ വ്യാപകമാകുന്ന സാഹചര്യവും പരിഗണിയ്ക്കുമ്പോൾ ഡബിൾ മാസ്കിംഗ് ഉപയോഗിക്കുക തന്നെയാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം.

എന്താണ് ഡബിൾ മാസ്കിംഗ്?

ഒരു സർജിക്കൽ മാസ്കും തുണി മാസ്കും ഒരുമിച്ച് ഉപയോഗിക്കുന്ന രീതിയാണ് ഡബിൾ മാസ്കിങ്ങിൽ ഏറ്റവും ഉചിതം. രണ്ട് സർജിക്കൽ മാസ്കുകളോ രണ്ടു തുണി മാസ്കുകളോ ഉപയോഗിച്ച് ഡബിൾ മാസ്കിംഗ് ചെയ്യുന്നത് ഉദ്ദേശിച്ച ഫലം നൽകുകയില്ല. കാരണം ഒന്നിൻറെ കുറവ് പരിഹരിയ്ക്കാൻ വേണ്ടിയാണ് വ്യത്യസ്തമായ മറ്റൊരു മാസ്ക് ഉപയോഗിക്കുന്നത്. 

ആദ്യം ഒരു സർജിക്കൽ മാസ്ക് മുഖത്ത് ഫിറ്റ്‌ ആവുന്ന രീതിയിൽ ധരിയ്ക്കണം. മൂക്കിനു മുകളിലായി വരുന്ന ഭാഗം നല്ല രീതിയിൽ ടൈറ്റ് ചെയ്ത് വെയ്ക്കുക. ഇങ്ങനെ ധരിയ്ക്കുന്ന സമയത്ത് മാസ്കിൻറെ വശങ്ങളിൽ, അതായത് ചെവിയുടെ സമീപത്തായി വരുന്ന ഇരു ഭാഗങ്ങളിലും ചെറിയ വിടവ് കാണാനാകും. ഈ ചെറിയ വിടവിലൂടെ വൈറസുകൾ ശരീരത്തിലേയ്ക്ക് കടക്കാൻ സാധ്യത വളരെ കൂടുതലാണ്.

വൈറസ് കടന്നുകൂടാൻ സാധ്യതയുള്ള ഈ പഴുത് കൃത്യമായി ഇല്ലാതാക്കാൻ വേണ്ടിയാണ് ഇതിനു മുകളിൽ മറ്റൊരു മാസ്ക് കൂടി ധരിയ്ക്കുന്നത്. ഇതിനായി നല്ലൊരു തുണി മാസ്ക് തന്നെ തിരഞ്ഞെടുക്കുക. ഇരു വശങ്ങളിലെയും വിടവ് ഇല്ലാതാക്കാൻ ഇത് വഴി സാധിയ്ക്കും.

ഒരിയ്ക്കലും സർജിക്കൽ മാസ്ക് പുറമെയും തുണി മാസ്ക് ഉൾവശത്തുമായി ഉപയോഗിക്കരുത്. മുഖത്തോട് ചേർന്ന് സർജിക്കൽ മാസ്ക്, അതിനു മുകളിൽ തുണി മാസ്ക് എന്ന രീതിയിലാണ് ധരിക്കേണ്ടത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

ഫിറ്റ്‌ ആയിരിയ്ക്കണം: മാസ്ക് ഓരോരുത്തരുടെയും മുഖത്തിൻറെ വലിപ്പത്തിന് അനുയോജ്യമായത് നോക്കി വാങ്ങണം. അയഞ്ഞതോ വലിപ്പം കുറഞ്ഞതോ ആയ മാസ്കുകൾ സുരക്ഷ നൽകുന്നില്ല. സ്വന്തം മുഖത്ത് ഏറ്റവും യോജിച്ച രീതിയിൽ ഇരിയ്ക്കുന്ന മാസ്ക്കുകൾ വേണം വാങ്ങാൻ. മാസ്കിന്റെ വശങ്ങളിലൂടെ വായു അകത്തേക്കോ പുറത്തേക്കോ പ്രവേഷിയ്ക്കാത്ത തരത്തിലാവണം മാസ്ക് ധരിയ്ക്കേണ്ടത്. 

ഫിൽട്ടറേഷൻ കപ്പാസിറ്റി മികച്ചതാകണം: പുറത്ത് നിന്ന് വരുന്ന വായുവിനെ കൃത്യമായ രീതിയിൽ ഫിൽട്ടർ ചെയ്യുക എന്നതാണ് മാസ്കിന്റെ ഉദ്ദേശം. അതുകൊണ്ട് തന്നെ ഫിൽട്ടറേഷൻ കൃത്യമായി നടന്നില്ലെങ്കിൽ മാസ്ക് ഉപയോഗം കൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല. കൂടുതൽ ലെയറുകൾ ഉള്ള മാസ്കുകളാണ് ഏറ്റവും നന്നായി ഫിൽടർ ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിയ്ക്കുന്ന ഗുണനിലവാരമില്ലാത്തതും ഒരേയൊരു ലെയർ മാത്രമുള്ളതുമായ മസ്കുകൾ തീർത്തും ഒഴിവാക്കുക. മൂന്നു ലയെർ ഉള്ള മാസ്കുകൾ വേണം തിരഞ്ഞെടുക്കാൻ. ഡബിൾ മാസ്കിംഗ് രീതിയിൽ പുറമേ ഉപയോഗിക്കുന്ന തുണി മാസ്ക് രണ്ടു ലെയർ മാത്രമായിരുന്നാലും സുരക്ഷാവീഴ്ച ഉണ്ടാകില്ല. എന്നാൽ ആദ്യം സർജിക്കൽ മാസ്ക് തന്നെ ധരിച്ചിരിയ്ക്കണം. 
കൂടുതൽ സുരക്ഷയ്ക്ക് N 95 മാസ്ക്:

N 95 മാസ്ക് ധരിയ്ക്കുമ്പോൾ ഡബിൾ മാസ്കിംഗ് ആവശ്യമില്ല. എല്ലാ ഭാഗവും മുഖത്തോട് കൃത്യമായി ചേർന്നിരിയ്ക്കുന്ന കൂടുതൽ സുരക്ഷ നൽകുന്നതാണ് N 95 മാസ്കുകൾ. അതിനാൽ ഇവ ഉപയോഗിക്കുന്ന സമയത്ത് കൂടെ മറ്റ് മസ്കുകൾ ഉപയോഗിക്കേണ്ടതില്ല. എന്നാൽ കൊവിഡ്‌ രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവർത്തകർക്കാണ് ഈ മാസ്ക് ധരിയ്ക്കേണ്ടത്. മറ്റുള്ളവർക്ക് ഡബിൾ മാസ്കിംഗ് രീതിയാണ് കൂടുതൽ അനുയോജ്യം. 

error: Content is protected !!