കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം 26-ന് തുറക്കും
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുങ്ങി. നിരീക്ഷണത്തിന് അഞ്ച് കിടക്കകൾ ഉൾപ്പെടെ 40 കിടക്കകളാണ് ക്രമീകരിക്കുന്നത്. ആശുപത്രിയിലെ മെഡിക്കൽ വാർഡിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 20 കിടക്കകൾ വീതമാണ് സജ്ജമാക്കിയിരിക്കുന്നത്. 16 ഓക്‌സിജൻ സിലിൻഡറുകൾ വരെ ഒരേസമയം പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കിടക്കകളിലേക്ക് ഓക്‌സിജൻ സൗകര്യം ഘടിപ്പിക്കുന്നതിനുള്ള പണികൾ പൂർത്തിയായി. അനുബന്ധ ഉപകരണങ്ങൾ കൂടി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ബുധനാഴ്ചയോടെ ചികിത്സാകേന്ദ്രം ആരംഭിക്കാനാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പറഞ്ഞു.
കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ഭക്ഷണം, മരുന്ന്, ആവശ്യമായ മറ്റ് ഉപകരണങ്ങൾ വാഴൂർ ബ്ലോക്ക് പഞ്ചായത്താണ് സജ്ജമാക്കുന്നത്. അടുത്ത ആഴ്ച പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ഡോ. എൻ.ജയരാജ് എം.എൽ.എ., മുകേഷ് കെ. മണി എന്നിവർ വെള്ളിയാഴ്ച ചികിത്സാകേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ചികിത്സാകേന്ദ്രത്തിലേക്ക് പൊൻകുന്നം ചേപ്പുംപാറ കുരിശുംമൂട്ടിൽ ജോബി കെ.ജോസഫ് രണ്ട് ഓക്‌സിജൻ സിലിൻഡറുകൾ ഡോ. എൻ.ജയരാജ് എം.എൽ.എ.യ്ക്ക് കൈമാറി.