കോവിഡ് ദുരിതകാലത്ത് നാടിന് തണലൊരുക്കി പ്രവാസിമലയാളികൾ മാതൃകയായി
പൊൻകുന്നം : കോവിഡ് ദുരിതകാലത്ത് നാടിന് തണലൊരുക്കുകയാണ് പ്രവാസിമലയാളികൾ. കാലിഫോർണിയയിലെ മോഹം (Mountain House Association Of Malayalis ) എന്ന പ്രവാസി മലയാളി സംഘടന, പൊൻകുന്നം ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ കോവിഡ് ദുരിതം അനുഭവിക്കുന്ന നിർധനരായ ജനങ്ങൾക്ക് സഹായം എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു . പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവഹിച്ചു.
കാലിഫോർണിയയിലെ നൂറിലധികം മലയാളി കുടുംബങ്ങൾ അംഗങ്ങളായുള്ള സംഘടന, പൊൻകുന്നം ലയൺസ് ക്ലബ്ബിലൂടെ ആദ്യഘട്ടമായി രണ്ടരലക്ഷത്തോളം രൂപയുടെ സഹായ പദ്ധതികളാണ് നടപ്പിലാക്കുന്നത് . പ്രധാനമായും, നിർധനരായ കോവിഡ് രോഗികൾക്ക് കോവിഡ് രോഗം ഗുരുതരമാണോ എന്ന് പരിശോധിക്കുന്നതിനായി പൾസ് ഓക്സിമീറ്റർ നൽകുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വാർഡുകളിലെ ആശാവർക്കർമാരുടെ സഹായം തേടും.
ചിറക്കടവ്, വെള്ളാവൂർ, മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, വെച്ചൂച്ചിറ, മുണ്ടക്കയം, എലിക്കുളം, തീരദേശമേഖലയായ വിഴിഞ്ഞം എന്നിവിടങ്ങളിൽ ലയൺസ് ക്ലബ്ബിന്റെ സഹായപദ്ധതി നടപ്പാക്കുന്നു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സി.പി.ജയകുമാർ, പൊൻകുന്നം എസ്.എച്ച്.ഒ. കെ.വിനോദ്, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ, സതി സുരേന്ദ്രൻ, സിനിമോൾ, ലയൺസ് റീജണൽ ചെയർമാൻ അഡ്വ.പ്രദീപ്കുമാർ, സൈജുകുമാർ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.