പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ ആയിരത്തിലേറെ കർഷകർ പട്ടയത്തിനായി കാലമേറെയായി കാത്തിരിപ്പിലാണ്

എരുമേലി: പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ ആയിരത്തിലേറെ കർഷകർ ഇന്നും കാത്തിരിപ്പിലാണ്… കൃഷിഭൂമിക്ക് പട്ടയം കിട്ടാൻ. സമരം ചെയ്തും സർക്കാർ ഓഫീസുകൾ കയറിയും നാട്ടുകാർ മടുത്തു. നിവേദനങ്ങളും നിരവധി.

സാമ്പത്തികബുദ്ധിമുട്ട് പരിഹരിക്കാൻ കൃഷിഭൂമിയിലെ മരങ്ങൾ മുറിച്ച് വിൽക്കാൻ അനുമതിയില്ല. സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ മക്കളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങൾക്ക് സ്ഥലം ഈട് നൽകി വായ്പയെടുക്കാനും കഴിയുന്നില്ല. കാർഷികസഹായങ്ങളും അന്യം.

കാട്ടുമൃഗങ്ങളുടെ ശല്യത്താൽ കൃഷികളും നഷ്ടം. അങ്ങനെ എല്ലാംകൊണ്ടും വലയുകയാണ് പ്രദേശത്തെ കർഷകർ.

2016-ൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 904 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുകയും 500-ൽപരം ആളുകൾക്ക് വിതരണം ചെയ്യുകയുമുണ്ടായി. പിന്നീട് വന നിയമത്തിന്റെ പേരിൽ പട്ടയ വിതരണം തടസ്സപ്പെടുകയും പട്ടയം വിതരണം ചെയ്ത സ്ഥലങ്ങളുടെ കരം സ്വീകരിച്ചിട്ടുമില്ല.

പ്രദേശവാസികളിൽ ഏറെപേരുടെയും പ്രധാന ജീവിതമാർഗം കൃഷിയാണ്. റബ്ബർ, കൊക്കോ, തെങ്ങ്, വാഴ, കപ്പ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. കൃഷിഭൂമിക്ക് പട്ടയമില്ലാത്തതും കാർഷികവിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നതുമാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ.

ഭക്ഷ്യക്ഷാമം നേരിട്ട 1948-49 കാലഘട്ടത്തിൽ ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം സർക്കാർ കുടിയേറ്റിയ ആളുകളുടെ പിൻതലമുറക്കാരാണ് പ്രദേശത്ത് ഇന്നുള്ള കർഷകർ. പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തിപ്രദേശമാണിവിടം.

error: Content is protected !!