ഇംഗ്ലണ്ടിൽ മരിച്ച ഷീജ കൃഷ്ണന്റെ ബന്ധുക്കളെ ഡോ. എൻ.ജയരാജ് സന്ദർശിച്ചു

പൊൻകുന്നം: ഇംഗ്ലണ്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നഴ്‌സ് ചിറക്കടവ് ഓലിക്കൽ ഷീജ കൃഷ്ണന്റെ(43) അച്ഛനെയും അമ്മയെയും ഡോ. എൻ.ജയരാജ് എം.എൽ.എ. സന്ദർശിച്ചു. മരണത്തിലെ ദുരൂഹത നീക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. 

തങ്ങളുടെ മകളുടെ മരണത്തെപ്പറ്റിയുള്ള സംശയങ്ങൾ അച്ഛൻ കൃഷ്ണൻകുട്ടിയും അമ്മ ശ്യാമളയും വിശദീകരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഷീജ താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഇംഗ്ലണ്ടിലെ റെഡിച്ചിൽ ഭർത്താവിനും മക്കൾക്കും ഒപ്പമാണ് ഷീജ താമസിച്ചിരുന്നത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായുള്ള ശബ്ദസന്ദേശങ്ങളെക്കുറിച്ചും ഇവർ എം.എൽ.എ.യോട് പറഞ്ഞു. 

മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കുടുംബാംഗങ്ങൾ എം.എൽ.എ.യോട് അഭ്യർഥിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കുമെന്ന് ജയരാജ് ഉറപ്പ്‌ നൽകി. 

മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി.മുരളീധരൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർക്കും നിവേദനം നൽകിയിരുന്നു.

ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ, പഞ്ചായത്തംഗം അഡ്വ. സുമേഷ് ആൻഡ്രൂസ് എന്നിവരും ഓലിക്കൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

error: Content is protected !!