ഇംഗ്ലണ്ടിലെ നഴ്‌സിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മിഷണർക്ക് പരാതി നൽകി

പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ ദുരൂഹസാഹചര്യത്തിൽ നഴ്‌സ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛനും അമ്മയും ഡൽഹിയിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷണർക്ക് പരാതി നൽകി. ചിറക്കടവ് ഓലിക്കൽ ഒ.എൻ.കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകൾ ഷീജാ കൃഷ്ണന്റെ(43) മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

ഭർത്താവ് ബൈജു മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയിൽ സൂചിപ്പിച്ചു. ആറു ലക്ഷം രൂപ പ്രതിമാസ വരുമാനമുണ്ടായിട്ടും സ്വന്തം ആവശ്യത്തിനുപോലും പണം എടുക്കാൻ ഭർത്താവ് അനുവദിക്കാറില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും തെളിയിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളെക്കുറിച്ചും സൂചിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയാണ് റെഡിച്ചിലെ വീട്ടിൽ ഷീജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 18 വർഷമായി നഴ്‌സായി ജോലി ചെയ്യുന്ന ഷീജയ്ക്കും ഭർത്താവിനും കുട്ടികൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ട്. ബ്രിട്ടനിലെ വ്യവസ്ഥയനുസരിച്ച് ഭർത്താവിന്റെ താത്പര്യപ്രകാരം മൃതദേഹം സംസ്‌കരിക്കാമെന്ന് ഷീജയുടെ സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചിരുന്നു. അല്ലെങ്കിൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഹൈക്കമ്മിഷനെ ബോധ്യപ്പെടുത്തണമെന്ന് അവർ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ നിയമപരമായ ഒട്ടേറെ കടമ്പകളുണ്ട്.

ബന്ധുക്കൾ ഇക്കാര്യം കേന്ദ്രമന്ത്രി വി.മുരളീധരനെയും ധരിപ്പിച്ചു. ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. എൻ.കെ.നാരായണൻ നമ്പൂതിരിയും കേന്ദ്രമന്ത്രിയുമായി സംസാരിച്ച് സഹായം തേടിയതായി പഞ്ചായത്തംഗം ഉഷാ ശ്രീകുമാർ, ബി.ജെ.പി. മുൻ ജില്ലാ കമ്മിറ്റിയംഗം എ.എസ്.റെജികുമാർ എന്നിവർ പറഞ്ഞു. കേന്ദ്രമന്ത്രി ഷീജയുടെ അച്ഛനോട് ഫോണിൽ സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുകയും സഹായം ഉറപ്പുനൽകുകയും ചെയ്തു.

error: Content is protected !!