ശബരിമല വിമാനത്താവളം; 6 മാസമായി പദ്ധതി മന്ദഗതിയിൽ; ഇനി എല്ലാ പ്രതീക്ഷകളും മുഖ്യമന്ത്രിയിൽ..
വൻകിട പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ കീഴിൽ രൂപീകരിക്കുന്ന പ്രത്യേക വകുപ്പിൽ ഇടം തേടിയാൽ ശബരി വിമാനത്താവളം പദ്ധതിക്കു വേഗമേറും. തിരഞ്ഞെടുപ്പും കോവിഡും കാരണം 6 മാസത്തിലേറെയായി പദ്ധതിയുടെ പ്രവർത്തനം മന്ദഗതിയിലാണ്. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ശബരി വിമാനത്താവളം. ഗതാഗത വകുപ്പിന്റെ കീഴിലാണു സംസ്ഥാനത്തെ വ്യോമയാന വിഭാഗം. അതേസമയം വിമാനത്താവളങ്ങൾ സംബന്ധിച്ച കാര്യങ്ങളുടെ മേൽനോട്ടം മുഖ്യമന്ത്രിക്കാണ്. ഇനി മുതൽ ഈ വിഭാഗങ്ങളെല്ലാം പുതിയതായി രൂപീകരിക്കുന്ന സ്വതന്ത്ര വകുപ്പിൽ ഉൾപ്പെടുത്തുമെന്നാണ് അറിവ്.
വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ, നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ എന്നിവയാണ് അടുത്ത നടപടികൾ. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കൽ (ഡിപിആർ), പരിസ്ഥിതി ആഘാത പഠനം, കേന്ദ്ര സർക്കാരിന്റെ അനുമതി എന്നിവയ്ക്കായി ഉടനെ നടപടി ആരംഭിക്കുമെന്നു പദ്ധതി സ്പെഷൽ ഓഫിസർ വി. തുളസീദാസ് പറഞ്ഞു. സ്ഥലമെടുപ്പിനു ഡപ്യൂട്ടി കലക്ടറുടെ കീഴിൽ പ്രത്യേക വിഭാഗം രൂപീകരിച്ചു. ഡിപിആർ തയാറാക്കുന്നതിനു കൺസൽറ്റന്റ് ഏജൻസിക്ക് ഉടനെ നിർദേശം നൽകിയേക്കും.
ഭൂമിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് റവന്യു വകുപ്പിന്റെ നിലപാടു നിർണായകമാകും. ബിലീവേഴ്സ് ചർച്ചിന്റെ ഭാഗമായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് 2263 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റ്. ഈ സ്ഥലം സർക്കാരിന്റേതാണെന്ന വാദവുമായി കോട്ടയം കലക്ടർ നൽകിയ കേസ് പാലാ സബ് കോടതിയിലുണ്ട്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു കലക്ടറെ ചുമതലപ്പെടുത്തിയ റവന്യു വകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഭൂമിയുടെ ഉടമസ്ഥതയും നഷ്ടപരിഹാരവും സംബന്ധിച്ച ഈ 2 കേസുകളും സ്ഥലമെടുപ്പിനെ ബാധിക്കില്ല.