കാലം തെറ്റി പെയ്യുന്ന മഴയും കോവിഡ് നിയന്ത്രണങ്ങളും ; റബർ മേഖലയിൽ വൻ പ്രതിസന്ധി..
കാഞ്ഞിരപ്പള്ളി ∙ കാലം തെറ്റി പെയ്യുന്ന മഴയും കോവിഡ് നിയന്ത്രണങ്ങളും റബർ കർഷകർക്കു വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. റെയിൻ ഗാർഡിങ് നടത്താൻ കഴിയാത്തതിനാൽ ടാപ്പിങ് ദിനങ്ങൾ നഷ്ടമാകുന്നു. കടകൾ മിക്ക ദിനങ്ങളിലും തുറക്കാത്തതിനാൽ ഉണങ്ങിയ ഷീറ്റ് വിൽക്കാനും സൂക്ഷിക്കാനും കഴിയാത്ത സ്ഥിതി. പുകപ്പുര ഇല്ലാത്ത കർഷകർ വെയിലത്തും അടുക്കളയുടെ ചിമ്മിനിയിലും ഇട്ട് ഉണക്കുന്ന ഷീറ്റുകൾ പുറത്തെടുത്തു വയ്ക്കുമ്പോൾ ഈർപ്പം മൂലം പൂപ്പൽ പിടിച്ച് ഗ്രേഡ് കുറഞ്ഞ് വില ലഭിക്കാതെ വരുന്നു. നിയന്ത്രണങ്ങൾ ശക്തമായതിനാൽ ടാപ്പിങ് തൊഴിലാളികൾക്കു ജോലിക്കു പോകാനും തടസ്സങ്ങൾ ഏറെ. റബർ മരങ്ങൾ പാട്ടത്തിനെടുത്തവരും വൻ നഷ്ടം നേരിടുകയാണ്.
നിർത്തിവച്ചിരിക്കുന്ന ടാപ്പിങ് പുനരാരംഭിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. ടാപ്പിങ് സാമഗ്രികളായ ചില്ല്, ചിരട്ട, കമ്പി തുടങ്ങിയവയും റെയിൻ ഗാർഡിങ് വസ്തുക്കളും വാങ്ങണം. കടകൾ തുറക്കാത്തതിനാൽ ഇവ ലഭിക്കാൻ പ്രയാസപ്പെടുകയാണ് കർഷകർ . ഈ സാഹചര്യത്തിൽ ടാപ്പിങ് സാമഗ്രികളും റെയിൻ ഗാർഡിങ് സാധനങ്ങളും റബർ ഉൽപാദക സംഘങ്ങൾ മുഖേനയും സഹകരണ സംഘങ്ങൾ മുഖേനയും ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.