അഞ്ജു പി.ഷാജി ഓർമയായിട്ട് ഒരു വർഷം ; സി.ബി.ഐ. അന്വേഷണം വേണമെന്ന് മാതാപിതാക്കൾ
കാഞ്ഞിരപ്പള്ളി: ബി.കോം വിദ്യാർഥിനിയായിരുന്ന അഞ്ജു പി.ഷാജി മരിച്ചിട്ട് ഒരു വർഷം തികഞ്ഞു. പരീക്ഷയിൽ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്നായിരുന്നു വീട്ടുകാരുടെ ആരോപണം.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടുകാർ പോലീസിൽ സമർപ്പിച്ച പരാതിയിലുള്ള അന്വേഷണം ഇതുവരെ പൂർത്തിയായതുമില്ല.
അന്വേഷണം ഇഴയുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സി.ബി.ഐ. അന്വേഷിക്കണമെന്നാണ് അഞ്ജുവിന്റെ മാതാപിതാക്കളുടെ ആവശ്യം.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ ബി.കോം. വിദ്യാർഥിനിയായിരുന്നു പൊടിമറ്റം പൂവത്തോട്ട് അഞ്ജു പി.ഷാജി. കഴിഞ്ഞ ജൂൺ ആറിനാണ് ചേർപ്പുങ്കലിലെ ബി.വി.എം. കോളേജിൽ പരീക്ഷയെഴുതാനെത്തിയ അഞ്ജുവിനെ കാണാതാകുന്നത്.
പിറ്റേന്ന് അഞ്ജുവിന്റെ ബാഗ് മീനച്ചിലാറിന്റെ തീരത്തുനിന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം മീനച്ചിലാറ്റിൽനിന്ന് കണ്ടെത്തി. പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് കോളേജ് അധികൃതർ നൽകിയ വിശദീകരണം.
അഞ്ജു പഠനത്തിൽ മിടുക്കിയായിരുന്നെന്നും കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതാണ് അഞ്ജു ആത്മഹത്യ ചെയ്യാൻ കാരണമെന്നും വീട്ടുകാർ ആരോപിച്ചു.
തുടർന്ന് കോളേജ് അധികൃതർ കോപ്പിയെഴുതിയെന്ന് പറയുന്ന ഹാൾടിക്കറ്റ് പുറത്തുവിട്ടിരുന്നു. എന്നാൽ കൈയക്ഷരത്തിലെ സംശയം വീട്ടുകാർ ഉന്നയിച്ചു.
കൈയക്ഷര പരിശോധനയ്ക്കായി അഞ്ജുവിന്റെ നോട്ട്ബുക്ക്, ഹാൾടിക്കറ്റ്, പരീക്ഷാഹാളിലെ സി.സി.ടി.വി.യുടെ ഡി.വി.ആർ., ഹാർഡ് ഡിസ്‌ക്, ബാഗ്, മൊബൈൽ ഫോൺ എന്നിവ ഫൊറൻസിക് പരിശോധനയ്ക്കായി ഒരു മാസത്തിനുള്ളിൽതന്നെ അയച്ചിരുന്നു.
ഇവയുടെ പരിശോധനാഫലം ലഭിക്കാൻ വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നതായും ആരോപണമുയർന്നിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയൂവെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.സി.രാജ്‌മോഹൻ പറഞ്ഞു.
അഞ്ജു പി.ഷാജിയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതായും കേസ് സി.ബി.ഐ. ഏറ്റെടുത്ത് സംഭവത്തിലെ യഥാർത്ഥ ഉത്തരവാദികളെ നിയമത്തിനുമുന്നിൽ എത്തിക്കണമെന്നും വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
പഠനത്തിൽ മികവ് പുലർത്തിയ മകൾ കോപ്പിയടിക്കില്ല. നിലവിലെ അന്വേഷണത്തിലും ഉദ്യോഗസ്ഥരിലും വിശ്വാസമില്ല. കേസന്വേഷണത്തിൽ ബാഹ്യസമ്മർദ്ദമുണ്ടെന്നും മാതാപിതാക്കളായ പി.ഡി.ഷാജി, സജിത എന്നിവർ ആരോപിച്ചു.