ന്യൂനപക്ഷവിധി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു
ന്യൂനപക്ഷവിധി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് എം. വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി. ഹൈക്കോടതി വിധി ഉടൻ നടപ്പാക്കണമെന്നും വിധി നടപ്പാക്കുമ്പോൾ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ ഏതെങ്കിലും വിഭാഗത്തിന് കുറവുണ്ടായാൽ അത് ഒരു പ്രത്യേക പാക്കേജിലൂടെ സാമൂഹ്യക്ഷേമവകുപ്പ് വഴി സർക്കാർ നടപ്പാക്കണമെന്നും പാർട്ടി പ്രതിനിധി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വകുപ്പ് വഴി നടപ്പാക്കുന്ന സ്‌കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും 1992-ലെ കേന്ദ്ര ന്യൂനപക്ഷ ആക്ട് പ്രകാരവും 2014-ലെ കേരള സ്റ്റേറ്റ് ന്യൂനപക്ഷ കമ്മിഷൻ ആക്ട് പ്രകാരവും തുല്യമായും ജനസംഖ്യാനുപാതികമായും മാത്രമേ നടപ്പാക്കാൻ കഴിയൂ. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും തുല്യമായിട്ടാണ് ആനുകൂല്യങ്ങൾ നൽകിവരുന്നത്. കേരളത്തിലെ സമുദായങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.