വാക്സീൻ വരുന്നുണ്ട്; ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക്

കോട്ടയം ∙ കോവിഡ് വാക്സിനേഷന് ജില്ല ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ജീവനക്കാർക്കുമാണ് വാക്സീൻ ലഭ്യമാക്കുക. ഇവരുടെ കണക്കുകൾ ശേഖരിച്ചു. കോവിഡ് ബാധിക്കാനുള്ള സാധ്യത

കൂടുതലുള്ള വിഭാഗങ്ങൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും രണ്ടാം ഘട്ടത്തിൽ നൽകും. 21, 22 തീയതികളിൽ വാക്സീൻ നൽകേണ്ട ആരോഗ്യ പ്രവർത്തകർക്കു പരിശീലനം നൽകും.22 ന് 3.30 ന് വാക്സീൻ വിതരണ നടപടി വിലയിരുത്താൻ  കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും.

 ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക്

ആദ്യ ഘട്ടത്തിൽ വാക്സീൻ നൽകുക സർക്കാർ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ്. 18,000 ആരോഗ്യ പ്രവർത്തകർക്കു ഗുണം ലഭിക്കും. സർക്കാർ മേഖലയിലെ 3500 ആരോഗ്യ പ്രവർത്തകർ, 2500 അങ്കണവാടി ജീവനക്കാർ, 2000 ആശാ പ്രവർത്തകർ തുടങ്ങിയവർക്കും ആദ്യം തന്നെ വാക്സീൻ നൽകും.

 റജിസ്റ്റർ ചെയ്തത് 13,100 പേർ

വാക്സിനേഷനു വേണ്ടി ആരോഗ്യ പ്രവർത്തകർ റജിസ്റ്റർ ചെയ്യേണ്ടത് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ്. ഇലക്ട്രോണിക്സ് വാക്സീൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് ആപ്ലിക്കേഷനിൽ (ഇവിഇഎൻ)ജില്ലയിൽ ഇന്നലെ വരെ റജിസ്റ്റർ ചെയ്തത് 13,100 ആരോഗ്യ പ്രവർത്തകർ. അലോപ്പതി, ആയുഷ് വകുപ്പുകളിലെ എല്ലാവരും പേര് റജിസ്റ്റർ ചെയ്തു. ഇനി റജിസ്റ്റർ ചെയ്യാനുള്ളത് 19 സ്വകാര്യ ആശുപത്രികൾ.

 സൂക്ഷിക്കാനുള്ള സൗകര്യം സജ്ജം

വാക്സീൻ സൂക്ഷിക്കാനുള്ള സൗകര്യം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ സജ്ജം. മെഡിക്കൽ കോളജ് മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള 81 സർക്കാർ ആശുപത്രികളിൽ വാക്സീൻ സൂക്ഷിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയത്. ആദ്യ ഘട്ടത്തിൽ ഇത്രയും വാക്സീൻ സൂക്ഷിപ്പ് കേന്ദ്രങ്ങൾ മതിയെന്നാണ് കണക്ക്. എന്നാൽ രണ്ടാം ഘട്ടം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടി വരുമ്പോൾ കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്തണം. 

 വിതരണ സ്ഥലങ്ങൾ

81 സർക്കാർ ആശുപത്രികളിൽ  ആരോഗ്യ പ്രവർത്തകർക്ക് വാക്സീൻ നൽകാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികൾ ഉപയോഗിക്കേണ്ടി വരുമോ എന്നത് പിന്നീടു തീരുമാനിക്കും. പൊതുജനങ്ങൾക്കു വാക്സീൻ വിതരണം ആരംഭിക്കുന്ന ഘട്ടത്തിൽ കൂടുതൽ സൗകര്യമുള്ള ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ എന്നിവ ആവശ്യമായി വരും.

error: Content is protected !!