യുഡിഎഫും എൽഡിഎഫും ചേർന്നു ഭരിച്ച പള്ളിക്കത്തോട്ടിൽ ബിജെപിയുടെ മധുര പ്രതികാരം
പള്ളിക്കത്തോട് ∙ പടിപടിയായി കയറി പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ ബിജെപി താമര വിരിയിച്ചു. ആകെ 13 വാർഡിൽ എൻഡിഎ – 7, എൽഡിഎഫ് –4, കോൺഗ്രസ് –2 എന്ന കക്ഷിനിലയിലാണ് ബിജെപിയുടെ മിന്നുന്ന വിജയം. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ സീറ്റ് ഉണ്ടായിട്ടും (5 എണ്ണം) യുഡിഎഫും എൽഡിഎഫും ചേർന്നു ഭരിച്ച പഞ്ചായത്തിൽ ബിജെപിയുടെ വിജയം മധുരപ്രതികാരമായി.
6 സീറ്റിൽ ബിജെപി സ്ഥാനാർഥികളും ഒരു സീറ്റിൽ ബിഡിജെഎസും ചേർന്നാണ് 7 സീറ്റ് നേടിയത്. കേരള കോൺഗ്രസിനെ ചേർത്തു മത്സരിച്ച എൽഡിഎഫിനു ലഭിച്ച 4 സീറ്റിൽ 2 എണ്ണം സിപിഎമ്മും 2 എണ്ണം കേരള കോൺഗ്രസുമാണ് നേടിയത്. 13 വാർഡുകളിലും ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിനു 2 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. സിറ്റിങ് മെംബർമാരിൽ ബിജെപിയുടെ ഒരു അംഗം തോറ്റു.
നിലവിലെ അംഗമായിരുന്ന തങ്കമ്മ പഴയാത്തിനെ നിലവിലെ സിപിഎം അംഗം ജിന്റോ സി.കാട്ടൂരാണ് പരാജയപ്പെടുത്തിയത്. 15 വർഷം മുൻപ് ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരിയിലൂടെയാണ് ബിജെപി പഞ്ചായത്തിൽ അക്കൗണ്ട് തുറന്നത്. തുടർന്നു 3 സീറ്റ്, 5 സീറ്റ് എന്നിങ്ങനെ വളർച്ച നേടി. ഇത്തവണ തുടക്കം മുതൽ ബിജെപിക്കു ഭരണ പ്രതീക്ഷയുണ്ടായിരുന്ന പഞ്ചായത്താണ് പള്ളിക്കത്തോട്. ശക്തമായ ത്രികോണ മത്സരമാണ് പഞ്ചായത്തിലെ മിക്ക വാർഡുകളിലും നടന്നത്.