മഴക്കാലമെത്തി, ഒപ്പം എലിപ്പനിയും

 

സംസ്ഥാനത്ത് മഴ ലഭിച്ചുതുടങ്ങിയതോടെ, എലിപ്പനി ബാധിക്കുന്നവർ കൂടുന്നു. ജൂൺ ഒന്നുമുതൽ നാലുവരെ സംസ്ഥാനത്ത് 22 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ മൂന്ന്‌ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എലിപ്പനിലക്ഷണങ്ങളോടെ 44 പേരാണ് ചികിത്സതേടിയത്. 

മേയ് മാസത്തിൽ സംസ്ഥാനത്ത് 40 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മൂന്നുപേർ മരിച്ചിരുന്നു.

ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ 330 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 11 പേർ മരിച്ചു. 484 പേരാണ് എലിപ്പനിലക്ഷണങ്ങളോടെ ചികിത്സതേടിയത്. രോഗലക്ഷണങ്ങളോടെ 40 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

സാധാരണ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് എലിപ്പനിബാധിതർ കൂടാറുള്ളത്. അതിനാൽ ഏപ്രിൽ മാസത്തിൽത്തന്നെ എലിപ്പനിക്കെതിരേ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിരുന്നു. നിലവിൽ മഴ തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. 

എലിവഴിയാണ് രോഗം പടരുന്നത്. എലിയുടെ മൂത്രം വെള്ളത്തിൽ കലർന്ന് അതുവഴി രോഗാണു മനുഷ്യശരീരത്തിലെത്തും. 

അതിനാൽ വെള്ളത്തിലിറങ്ങി ജോലിചെയ്യുന്ന ശുചീകരണത്തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു. മലിനമായ വെള്ളത്തിലിറങ്ങുകയോ പാടത്തോ പറമ്പിലോ പണിയെടുക്കുകയോചെയ്തതിനെത്തുടർന്ന് രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തര വൈദ്യസഹായം തേടണം. തുടക്കത്തിൽതന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. 

വൈകിയാൽ രോഗവസ്ഥ സങ്കീർണമായി ആന്തരികാവയവങ്ങളുടെ നാശത്തിനും അതുവഴി ജീവഹാനിക്കും ഇടയാകും.

രോഗലക്ഷണങ്ങൾ

വിറയലോടുകൂടിയ പനി, ശരീരവേദന, കഠിനമായ തലവേദന, കണ്ണിന് ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ്.

മുൻകരുതലുകൾ

എലിനശീകരണം, വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക, കാലിലും മറ്റും മുറിവുള്ളവർ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുക, വയലിലുംമറ്റും പണി ചെയ്യുന്നവർ ഡോക്സിസൈക്ലിൻ പ്രതിരോധമരുന്ന് കഴിക്കുക. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഈ മരുന്ന് ലഭിക്കും.

error: Content is protected !!