വരുമോ, ഡി.സി.സി.ക്ക് പുതുനേതൃത്വം
കോട്ടയം: കെ.പി.സി.സി.ക്കൊപ്പം ഡി.സി.സി.കളും പുനഃസംഘടിപ്പിക്കുമ്പോൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിലും മാറ്റമുണ്ടായേക്കും. എ ഗ്രൂപ്പിൽ ഡി.സി.സി. ജനറൽ സെക്രട്ടറി യുജിൻ തോമസ്, കെ.പി.സി.സി. അംഗം ഫിൽസൺ മാത്യൂസ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
ഐ ഗ്രൂപ്പിൽനിന്നാണെങ്കിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഡി.സി.സി. വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം എന്നിവരെ പരിഗണിക്കും. അഡ്വ. ജി.ഗോപകുമാർ, നാട്ടകം സുരേഷ് എന്നിവരുടെ പേരുകളും പരിഗണനയിൽ വന്നേക്കാം.
80 ശതമാനത്തോളം എ ഗ്രൂപ്പിന് മേധാവിത്വമുള്ള ജില്ലയാണ് കോട്ടയം. സി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിനുതന്നെ മുഖ്യപരിഗണന കിട്ടുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത മാനദണ്ഡം സി.സി.സി. ഭാരവാഹികളുടെ കാര്യത്തിലും ഉണ്ടാകുമോയെന്നാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്.
എത്രയൊക്കെ ഗ്രൂപ്പിന് അതീതമായി ചിന്തിച്ചാലും കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ വാക്ക് പരിഗണിക്കാതെ നേതൃത്വത്തിന് മുമ്പോട്ടുപോകാനാകില്ലെന്നാണ് സൂചന.
ഗ്രൂപ്പിനതീതമായി പ്രവർത്തിക്കാൻ കഴിയുന്ന, ബൂത്തുതലംമുതൽ പാർട്ടിയെ സജ്ജമാക്കാൻ കഴിവുള്ളയാൾ പ്രസിഡൻറാകണമെന്നാണ് പ്രവർത്തകരുടെ പൊതുവികാരം.
ജംബോ കമ്മിറ്റികൾ ഇനി വേണ്ടെന്ന അഭിപ്രായം കോൺഗ്രസിലുണ്ട്. നിലവിൽ 38 ഭാരവാഹികളാണ് ഡി.സി.സി.യിലുള്ളത്. ഇത് 30 ആയി കുറയ്ക്കണമെന്ന് പ്രവർത്തകർ പറയുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ഗ്രൂപ്പ് താത്‌പര്യം മാറ്റിവെച്ച് പ്രവർത്തനസജ്ജരായ യുവാക്കളെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം പ്രവർത്തകർ പറയുന്നു.