മുട്ടിൽ മരംമുറി ; എരുമേലി റേഞ്ച്‌ ഓഫീസിൽ ഫ്‌ളയിങ് സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തി

എരുമേലി: വയനാട് മുട്ടിലെ സൗത്ത് വില്ലേജിൽ നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റിയ സംഭവം വിവാദമായ സാഹചര്യത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലും മിന്നൽ പരിശോധന നടത്തി. സംസ്ഥാനത്ത് ഓരോ റേഞ്ച് ഓഫീസുകളിലും പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ഫോറസ്റ്റ് കൺട്രോൾ റൂം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. എ.ഷാനവാസ്, റേഞ്ച് ഓഫീസർ സലിം ജോർജ് എന്നിവർ പരിശോധനയ്‌ക്കെത്തിയത്.

വെള്ളിയാഴ്ച രാവിലെ 10.30-ഓടെ എത്തിയ സംഘം ഫയലുകൾ പരിശോധിച്ചു. പ്രദേശത്ത് മരങ്ങൾ മുറിക്കാൻ ലഭിച്ച അപേക്ഷകൾ, അപേക്ഷകളിന്മേൽ ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ തുടങ്ങിയവയാണ് പരിശോധിച്ചത്.

ലാൻഡ് അസൈൻമെന്റ് പട്ടയ പ്രദേശങ്ങളിൽ മരങ്ങൾ മുറിക്കാൻ ഒന്നര വർഷത്തിനുള്ളിൽ ലഭിച്ചത് 20-ൽ താഴെ അപേക്ഷകളാണെന്നും ഇവയ്ക്ക് അനുമതി കൊടുത്തിട്ടില്ലെന്നും എരുമേലി റേഞ്ച് ഓഫീസർ പറഞ്ഞു.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്‌ എരുമേലി റേഞ്ചിന്റെ പരിധി. ഇതിൽ 159 സ്‌ക്വയർ കിലോമീറ്റർ വനമാണ് ലാൻഡ്‌ അസൈൻമെന്റ് പ്രകാരമുള്ള ഭൂമി. എരുമേലി റേഞ്ചിൽ എരുമേലി തെക്ക്, വടക്ക് വില്ലേജുകളുടെ പരിധിയിലാണ്. കോരൂത്തോട്, കുഴിമാവ്, പാക്കാനം, ഇരുമ്പൂന്നിക്കര, കൊപ്പം, മണിപ്പുഴ, നെടുങ്കാവ്‌വയൽ തുടങ്ങി നിരവധി പ്രദേശങ്ങളാണ് എൽ.എ. പട്ടയപരിധിയിലുള്ളത്. ഓഫീസ് രേഖകളുടെ പരിശോധന നാല് മണിക്കൂറോളം നീണ്ടു. സ്ഥലപരിശോധനയുൾപ്പെടെയുള്ളവ വരും ദിവസങ്ങളിൽ തുടരുമെന്നാണ് സൂചന.

സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചതിന് വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിയന്‍ ഉള്‍പ്പെടെ 68 പേര്‍ക്കെതിരെയാണ് കേസ്. 2020 നവംബര്‍ മുതലായിരുന്നു മരംമുറി. 42 ഇടങ്ങളിലായി 505 ക്യുബിക് മീറ്റര്‍ മരങ്ങളാണ് മുറിച്ചത്. ഇതിന് 15 കോടിയോളം വിലവരും. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങളായിരുന്നു ഇതിലധികവും. മുറിച്ചുകടത്തിയ 13.3 ക്യുബിക് മീറ്റര്‍ മരം എറണാകുളത്തുനിന്ന് വനംവകുപ്പ് പിടികൂടിയിരുന്നു. ആദിവാസി കളുള്‍പ്പെടെയുള്ളവരെ കബളിപ്പിച്ചാണ് വ്യാപാരികള്‍ മരം വാങ്ങിയതെന്ന് പരാതി ഉയർന്നിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ലാൻഡ് അസൈൻമെന്റ് പട്ടയഭൂമിയിൽ നിന്നും മരംമുറിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ എന്നാണ് എരുമേലി ഉൾപ്പെടെ വനം വകുപ്പിന്റെ ഓഫിസുകളിൽ ഇന്നലെ സംസ്ഥാന വ്യാപകമായി പരിശോധന നടന്നത്. കഴിഞ്ഞ ഒരുവർഷത്തെ റിക്കാർഡുകളാണ് എരുമേലിയിൽ പരിശോധിച്ചത്. ഫോറസ്റ്റ് ഓഫീസിൽ ഇത് സംബന്ധിച്ച് വന്ന അപേക്ഷകളും ഇത് സംബന്ധിച്ച് എടുത്ത തീരുമാനങ്ങളും പരിശോധനയിൽ ശേഖരിച്ചു.

നേര്യമംഗലം , തട്ടേക്കാട്, അടിമാലി റേഞ്ചുകളിൽ മുൻപ് സർക്കാർ ഉത്തരവിന്റെ മറപറ്റി മരം മുറിക്കുന്നതിന് മുൻപ് അനുമതിനല്കിയതായി അറിവ് ലഭിച്ചിരുന്നു. അതേസമയം എരുമേലിയിൽ 2017 നു ശേഷം ഇത്തരത്തിൽ മരം മുറിക്കുന്നതിന് അനുമതി നല്കിയിട്ടില്ലന്ന് റേഞ്ച് ഓഫീസർ ജയകുമാർ പറഞ്ഞു. മാത്രമല്ല അപേക്ഷകർക്ക് നേരിട്ട് ഇത്തരം അപേക്ഷകളിൽ നിരസിച്ചതായി അറിയിപ്പ് നൽകിയിട്ടുമുണ്ട്. അതോടൊപ്പം സർക്കാർ ഉത്തരവ് വന്നതിനു ശേഷവും ഇത് സംബന്ധിച്ചു വ്യക്തതക്കായി ജില്ലാ ഫോറസ്റ്റ് ഓഫീസിലേക്ക് കത്ത് നൽകിയതായും എരുമേലി റേഞ്ച് ഓഫീസർ ജയകുമാർ പറഞ്ഞു. മുട്ടിൽ മരം മുറിയിൽ ഉന്നത റവന്യു ,വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ബന്ധമുള്ളതായി ആരോപണമുയർന്നതോടെയാണ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് പരിശോധനക്ക് നടപടിയെടുത്തത്.

error: Content is protected !!