മരച്ചില്ല ഒടിഞ്ഞുവീണ് മൂല്യനിർണയ ക്യാമ്പിനെത്തിയ അധ്യാപകരുടെ കാറുകൾ തകർന്നു
പൊൻകുന്നം: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മൂല്യനിർണയ ക്യാമ്പിനെത്തിയ അധ്യാപകരുടെ കാറുകൾക്ക് മുകളിലേക്ക് തണൽമരം ഒടിഞ്ഞുവീണു. ഇന്നലെ ഉച്ചസമയത്തായിരുന്നു അപകടം. രണ്ടുകാറുകൾക്ക് നാശമുണ്ടായി. ആർക്കും പരിക്കില്ല.
എരുമേലി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഇമ്മാനുവൽ ജോസഫ്, ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ പാമ്പാടി സ്വദേശി എൽ.ബിപിൻസിങ് എന്നിവരുടെ കാറുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഇതിന് സമീപം മറ്റൊരു കാറിൽ ഈ സമയം ഡ്രൈവറുണ്ടായിരുന്നു. മരച്ചില്ല വീഴുന്ന ശബ്ദം കേട്ട് ഇദ്ദേഹം കാറിന് പുറത്തിറങ്ങി ഓടിമാറി.
കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് കാറിന് മുകളിൽ നിന്ന് മരം മുറിച്ച് നീക്കിയത്.സ്കൂൾ വളപ്പിൽ അപകടകരമായ നിലയിലുള്ള തണൽമരങ്ങൾ മുറിച്ചുമാറ്റണമെന്ന് നേരത്തെ മുതൽ ആൾക്കാർ ആവശ്യപ്പെട്ടിരുന്നു. മുൻപ് ദേശീയപാതയിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായിരുന്നു. വാഹനങ്ങൾക്ക് മുകളിലേക്ക് മരക്കൊമ്പുകൾ ഒടിഞ്ഞുവീണ സംഭവങ്ങളുമുണ്ടായി.