തലയിൽ കുടുങ്ങിയ കുപ്പിയുമായി അവശനിലയിലായ നായയെ രക്ഷിച്ചത് നാല് യുവാക്കൾ
കഴിഞ്ഞ രണ്ടു ദിവസങ്ങളായി പൊൻകുന്നം ടൗണിലൂടെ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി അലഞ്ഞു നടന്ന നായ പലർക്കും കൗതുക കാഴ്ചയായിരുന്നു. എന്നാൽ ആ പാവത്തിന്റെ വിഷമം മനസ്സിലാക്കി, അതിനെ പിടിച്ച് വളരെ ബുദ്ധിമുട്ടി തലയിൽ നിന്നും കുപ്പി മുറിച്ചുമാറ്റി രക്ഷപെടുത്തിയത് നാല് യുവാക്കൾ. പരസഹായം ലഭിച്ചില്ലെങ്കിൽ റോഡിൽ തളർന്നുവീണ് ദയനീയമായി ചത്തുപോയേക്കാമായിരുന്ന ആ നായയോട് കാരുണ്യം ചൊരിഞ്ഞ ആ യുവാക്കൾക്ക് ലഭിച്ചത് നാട്ടുകാരുടെ അഭിനന്ദനപ്രവാഹം ..
പൊൻകുന്നം: ആഹാരം തേടിയുള്ള അലച്ചിലിനിടയിൽ തലയിൽ കുടുങ്ങിപ്പോയ പ്ലാസ്റ്റിക് കുപ്പിയുമായി അലഞ്ഞ തെരുവ്‌നായയ്ക്ക് രക്ഷയേകി നാൽവർ സംഘം. തെരുവ് നായയുടെ ദുരിതം കണ്ടറിഞ്ഞ് രക്ഷയേകിയവർക്ക് അഭിനന്ദനപ്രവാഹം . ആഹാരം മോഹിച്ച് തലയിട്ടപ്പോൾ കുടുങ്ങിപ്പോയ മിഠായി കുപ്പിയുമായി തെരുവുനായ രണ്ടുദിവസമായി അലഞ്ഞ നായക്കാണ് ഇവർ രക്ഷകരായത്. തീറ്റകഴിക്കാനോ വെള്ളം കുടിക്കാനോ ആവാതെ പ്ലാസ്റ്റിക് ഭരണിയിലൂടെ കാഴ്ച സാധ്യമാവുമായിരുന്നതിനാൽ അലഞ്ഞുതിരിയുകയായിരുന്നു നായ.
അവശനിലയിലായ നായയെ രക്ഷിച്ചത് താഴത്തേടത്ത് വീട്ടിൽ രാജേഷ്, കൂട്ടുകാരായ പുതുപ്പുരയ്ക്കൽ അനി, പുന്നകുഴി മഹേഷ്, വീട്ടിയാങ്കൽ ദയാൽ എന്നിവർ ചേർന്ന് ഇതിനെ പിടികൂടി. മരണവെപ്രാളം കാട്ടിയ നായയെ പിടിച്ചുകിടത്തി ഹാക്‌സോ ബ്ലേഡ് കൊണ്ട് പ്ലാസ്റ്റിക് കുപ്പി അറുത്തുമാറ്റിയാണ് രക്ഷപെടുത്തിയത്.