മുട്ടിലെ മരംമുറി സംഭവത്തിന്റെ തുടർച്ചയായി എരുമേലി റേഞ്ചിൽറവന്യൂ-വന രേഖകളിൽ തുടർപരിശോധന

 

എരുമേലി: മുട്ടിലെ മരംമുറി സംഭവത്തിന്റെ തുടർച്ചയായി അന്വേഷണം വ്യാപകമാക്കിയ സാഹചര്യത്തിൽ എരുമേലി റേഞ്ച് ഓഫീസിലും റേഞ്ചിന്റെ പരിധിയിലെ വില്ലേജ് ഓഫീസുകളിലും വനംവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നു. 

എൽ.എ. പട്ടയഭൂമിയിൽനിന്ന് മരംമുറിക്കാൻ വില്ലേജ് ഓഫീസുകളിൽ നൽകിയ അപേക്ഷകളും വില്ലേജ് ഓഫീസിൽനിന്നുള്ള സർട്ടിഫിക്കറുകളുൾപ്പെടെ എരുമേലി റേഞ്ച് ഓഫീസിൽ ലഭിച്ച അപേക്ഷകളുമാണ് വീണ്ടും പരിശോധിക്കുന്നത്.

റേഞ്ച് ഓഫീസിൽനിന്ന് അനുമതി കൊടുക്കാത്ത സാഹചര്യത്തിൽ അനധികൃതമായി മരംമുറിച്ചിട്ടുണ്ടോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. നാല്‌ അപേക്ഷകളിൽ അന്വേഷണസംഘത്തിന് സംശയമുള്ളതായാണ് സൂചനകൾ. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം വനാതിർത്തിയിലെ കീരിത്തോട്, എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥലപരിശോധന നടത്തിയിരുന്നു. 

പരിശോധന വരുംദിവസങ്ങളിലും തുടരും. തിരുവനന്തപുരം ഫ്ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. എ.ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

ലാൻഡ് അസൈൻമെന്റ് പട്ടയപ്രദേശങ്ങളിൽ മരങ്ങൾ മുറിക്കാൻ ഒന്നരവർഷത്തിനുള്ളിൽ ലഭിച്ചത് 20-ൽതാഴെ അപേക്ഷകളാണെന്നും ഇവയ്ക്ക് അനുമതി കൊടുത്തിട്ടില്ലെന്നും എരുമേലി റേഞ്ച് ഓഫീസർ ജയകുമാർ പറഞ്ഞു. എരുമേലി വനമേഖല കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ്. ഇതിൽ 159 സ്‌ക്വയർ കിലോമീറ്റർ വനമാണ്. 

ഒരുവർഷത്തിനിടെ 53 അപേക്ഷകളാണ് മരങ്ങൾ മുറിക്കാനായി എരുമേലി തെക്ക്, വടക്ക് വില്ലേജ് ഓഫീസുകളിൽ ലഭിച്ചത്. 

സ്ഥലം സംബന്ധിച്ച വിവരങ്ങളും സ്ഥലത്തിന്റെ സ്കെച്ചും മുറിക്കാനുദ്ദേശിക്കുന്ന മരത്തിന്റെ വിവരങ്ങളും വനംവകുപ്പിന് നൽകാൻ അപേക്ഷകർക്ക് നിർദേശം കൊടുത്തിരുന്നു. എൽ.എ. പട്ടയഭൂമിയിൽനിന്നുള്ള അപേക്ഷകൾ സ്വീകരിച്ചിട്ടില്ലെന്നും എരുമേലി തെക്ക് വില്ലേജ് ഓഫീസർ പറഞ്ഞു.

error: Content is protected !!