വൈകല്യങ്ങളെ അതിജീവിച്ച് ലോകത്തിന് മാതൃകയായ, എരുമേലിയുടെ പൊന്നോമന, പ്രകാശം പരത്തിയ പെൺകുട്ടി ലത്തീഷാ അൻസാരി മരണത്തിന് കീഴടങ്ങി .
ഭിന്നശേഷി മൂലം സ്വന്തം സർഗ്ഗവാസനകൾ പുറത്തറിയിക്കുവാനാവാതെ വിധിയുടെ ഇരകളായി ജീവിതം നരകയാതനയിൽ തള്ളിനീക്കുന്നവർക്ക് എന്നും പ്രചോദനം ആയിരുന്നു ലത്തീഷയുടെ ജീവിതം .
അസ്ഥികൾ നുറുങ്ങുന്ന അപൂർവ രോഗത്തിന് ഇരയായ ലത്തീഷാ അൻസാരി അതിന്റെ ബുദ്ധിമുട്ടുകൾ പുറത്തറിയിക്കാതെ, എപ്പോഴും പ്രസന്നവദയായി, ചുറ്റുമുള്ളവർക്ക് പ്രകാശം പരത്തിയായിരുന്നു ജീവിച്ചിരുന്നത്.
ലക്ഷ്യങ്ങളും മോഹങ്ങളും ബാക്കി വച്ചാണ് ലത്തീഷ അൻസാരി (27) വിട പറഞ്ഞത് . പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാവിലെ എട്ടു മണിയോടെയാണ് മരണം. പിതാവ് അൻസാരി (മൻസൂർ ഹോട്ടൽ എരുമേലി ). മാതാവ്: ജമീല. സഹോദരി: ലാമിയ.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന ലത്തീഷ മികച്ച ഒരു കലാകാരിയായിരുന്നു. ഐ. എ. എസ് പരിശീലനത്തിലായിരുന്നു. ഒരു ഐ. എസ്കാരിയാവുകായെന്നതായിരുന്നു ലത്തീഷയുടെ ലക്ഷ്യം. രോഗത്തെ മനോധൈര്യം കൊണ്ട് കീഴടക്കിയ ലത്തീഷയുടെ ഓരോ വാക്കുകളും പ്രചോദനമായിരുന്നു. നിരവധി പുരസ്ക്കാരങ്ങളും ലത്തീഷയെ തേടിയെത്തി. നിരവധി സുഹൃദ് ബന്ധങ്ങളായിരുന്നു അവളുടെ വിലപ്പെട്ട സമ്പാദ്യം.
അസ്ഥികൾ നുറുങ്ങുന്ന രോഗവുമായി ജനിച്ച മകളെ വിധിക്ക് വിട്ടുകൊടുക്കാൻ മാതാപിതാക്കൾ എരുമേലി പുത്തൻപീടികയിൽ അൻസാരിക്കുംയും ഭാര്യ ജമീലയ്ക്കും മനസ്സുവന്നില്ല. അച്ഛന്റെയും അമ്മയുടെയും തണലിലായിരുന്നു ലത്തീഷയുടെ വളർച്ച. പഠനത്തിന്റെ ആദ്യനാളുകളിൽ മകളെ എടുത്തുകൊണ്ടാണ് അച്ഛൻ സ്കൂളിലെത്തിച്ചത്. ചിത്രകലയും ഓർഗണും പഠിക്കാൻ സൗകര്യം ഒരുക്കി. മകൾ പഠനത്തിന്റെ ഓരോ പടികളുമേറുമ്പോഴും കരുതലായി കൂടെനിന്നു. പലപ്പോഴും അസുഖത്തിന്റെ ആകുലതകളും ആശുപത്രിയിലേക്കുള്ള ഓട്ടവും. ഇതിനിടയിൽ വിദ്യാഭ്യാസത്തിന്റെ കടമ്പകളുമേറി.
കാഴ്ചയിൽ കുഞ്ഞെങ്കിലും ലത്തീഷയുടെ വിദ്യാഭ്യാസ വളർച്ച രക്ഷിതാക്കൾ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. വിധിയുടെ വെല്ലുവിളിയിൽ തകരാതെ ഇന്റർനെറ്റിൽ സ്വന്തമായി അറിവിന്റെ വാതായനങ്ങൾ തുറന്നു. യുട്യൂബിൽ തന്റെ ജീവിതവും നേട്ടങ്ങളും ആയിരക്കണക്കിന് ആളുകൾക്ക് പകർന്നു. എരുമേലിയിൽ രാഹുൽ ഗാന്ധിയെത്തിയപ്പോൾ കാണാനായി രക്ഷിതാക്കൾ കൊണ്ടുവന്നെങ്കിലും തിരക്കും സുരക്ഷയും കാരണം കാണാനായില്ല.
ബുധനാഴ്ച 12 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജില്ലാ കളക്ടർക്കുവേണ്ടി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കോവിഡ് കാലമായതിനാൽ, പ്രമുഖരുൾപ്പെടെ ലത്തീഷയെ അറിഞ്ഞവർ മനസ്സുകൊണ്ട് യാത്രാമൊഴിയേകി.