തട്ടുകടകൾക്ക് തുറക്കുവാൻ അനുവാദം പ്രതീക്ഷിച്ച് തൊഴിലാളികൾ.

മുണ്ടക്കയം: കുരുമുളകുവിതറിയ നല്ല ചൂട് ഓംലെറ്റും പൊറോട്ടയും കഴിച്ച് ചെറിയ തുകകൊടുത്ത് ധൈര്യമായി ആർക്കും തട്ടുകടകളിൽനിന്ന് പോകാം. നല്ല കടുപ്പമുള്ള കട്ടൻകാപ്പി, മസാല പുരട്ടി വറുത്തെടുത്ത ചിക്കൻ…അങ്ങനെ എന്തും പോക്കറ്റിലൊതുങ്ങുന്ന വിലയിൽ കിട്ടുന്ന തട്ടുകടകൾക്ക് ഇനിയും എന്നു തുറക്കാനാകുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.

ലോക്‌ഡൗണിൽ പ്രതിസന്ധിയിലായ തട്ടുകട കച്ചവടക്കാർക്ക് ഇളവ് അനുവദിക്കാത്തപക്ഷം നിരവധി കുടുംബങ്ങൾ വഴിയാധാരമാകുമെന്ന് അവർ ആവലാതിപ്പെടുന്നു. വൈകീട്ട് അഞ്ചുമുതൽ രാത്രി പത്തുവരെ ദേശീയപാതയോരത്തും മറ്റ് ഗ്രാമീണവഴികളിലും സജീവമായിരുന്ന രാത്രികാല താത്‌കാലിക ഭക്ഷണശാലകളാണ് അടച്ചുപൂട്ടിയത്.

ആദ്യഘട്ട ലോക്‌ഡൗണിനുശേഷം പ്രവർത്തനം പുനരാരംഭിച്ച് കച്ചവടം ഏറെക്കുറെ ലഭിച്ചുതുടങ്ങിയിരുന്നു. രണ്ടാംഘട്ട പൂട്ടുവീണതോടെ തട്ടുകട ഉപജീവനമാക്കിയ ആളുകൾ വലിയ ഗതികേടിലായി. വാടകയ്ക്ക് സ്ഥലമെടുത്തും മുറിയെടുത്തുമാണ് മിക്കവരും കച്ചവടം നടത്തിയിരുന്നത്. കട പൂർണമായും അടച്ചതോടെ യാതൊരു വരുമാനവുമില്ലാത്ത അവസ്ഥയിലാണിവർ. ലോണെടുത്തും സ്വർണം പണയപ്പെടുത്തിയും കച്ചവടമാരംഭിച്ചവർ മുമ്പോട്ട് എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലും നിരാശയിലുമാണ്. ലോക്‌ഡൗണിൽ അയവു വരുത്തുമ്പോൾ ഹോട്ടലുകളിൽനിന്ന്‌ പാഴ്‌സൽ നൽകാമെന്ന നിർദേശമുണ്ട്. എന്നാൽ, തട്ടുകടകളുടെ പ്രവർത്തനം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുകയാണ്. സംഘടനാ പിൻബലമില്ലാത്തതിനാൽ ഈ പ്രശ്നങ്ങൾ അധികാരകേന്ദ്രങ്ങളിൽ എത്തിക്കാനുമാകുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

error: Content is protected !!