ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഒക്ടോബറിൽ തുറന്നു നൽകും

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കി ഉടൻ തുറന്നു നൽകാൻ തീരുമാനം. ചീഫ് വിപ്പ് ഡോ. എൻ.ജയരാജിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിലവിൽ അനുവദിച്ച തുകയ്ക്കുള്ള നിർമാണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ തീരുമാനിച്ചു.

അഞ്ച് നിലകളിലായി എൺപതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ 4.80 കോടി രൂപ മുടക്കി കെട്ടിടത്തിന്റെ സ്‌ട്രക്ചർ നിർമാണം നടത്തി. രണ്ടാംഘട്ടത്തിൽ 10.50 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം ഫാർമസി, രണ്ടിൽ ഒ.പി.കൾ, മൂന്നിൽ വാർഡുകൾ, നാലിൽ ശസ്ത്രക്രിയാവിഭാഗം, അഞ്ചാം നിലയിൽ ഓഫീസ് എന്നിങ്ങനെയാണ് നിർമിക്കുന്നത്.

നിലവിലെ പ്രവേശനകവാടം മാറ്റി അകത്തേക്കും പുറത്തേക്കും പ്രത്യേക പാതകൾ നിർമിക്കും. നിലവിലെ പ്രവേശനകവാടം പുറത്തേക്കുള്ള വഴിയായി നിലനിർത്തും. നിലവിലെ കാന്റീൻ, ഒ.പി. കെട്ടിടം എന്നിവ പൊളിച്ചുനീക്കി പാർക്കിങ്ങിനും മറ്റും സൗകര്യമൊരുക്കും.

വൈദ്യുതീകരണം, ടൈൽ പാകൽ, മുറികൾ വേർതിരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ലിഫ്റ്റ്, ഫയർ ആൻഡ് സേഫ്റ്റി സംവിധാനവും സ്ഥാപിക്കണം. ലിഫ്റ്റിന്റെ പ്രവർത്തനം അടുത്ത ആഴ്ചയിൽ ആരംഭിക്കും. ഫയർ ആൻഡ് സേഫ്റ്റി സംവിധാനം സ്ഥാപിക്കുന്നതിന് 16-ന് വീണ്ടും ടെൻഡർ വിളിക്കും. പൈപ്പ് ലൈൻ, കെട്ടിടത്തിനു ചുറ്റുമുള്ള നിർമാണപ്രവർത്തനങ്ങൾക്കുമായി 1.30 കോടി രൂപയുടെ എസ്റ്റിമേറ്റ് പി.ഡബ്ല്യു.ഡി. തയ്യാറാക്കി. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്‌ 60 ലക്ഷം രൂപ ചെലവാക്കി നിർമിച്ച കാന്റീനിൽ ജല, മലിനജല സംവിധാനം, മറ്റ് അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്ക് ആവശ്യമായ തുക ആസ്തി വികസന ഫണ്ടിൽ നിന്ന് കണ്ടെത്തും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി, പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. ശാന്തി, ആർ.എം.ഒ. രേഖ ശാലിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!