തമ്പലക്കാട് 300 വർഷം പ്രായമുള്ള കൂറ്റൻ കരിമ്പന കടപുഴകി
തമ്പലക്കാട്: 300 വർഷം പ്രായം കണക്കാക്കുന്ന വലിയ കരിമ്പന കാറ്റിൽ കടപുഴകി വീണു. തമ്പലക്കാട് കടക്കയം കുടുംബയോഗത്തിന്റെ തറവാടും ഹനുമാൻക്ഷേത്രവും ഉൾപ്പെടുന്ന പറമ്പിൽ നിന്ന കരിമ്പനയാണ് ശനിയാഴ്ച രാവിലെയുണ്ടായ ചെറിയകാറ്റിൽ നിലംപൊത്തിയത്. ദിശമാറി വീണതിനാൽ അപകടങ്ങളുണ്ടായില്ല.
പ്രദേശത്ത് അത്യപൂർവമാണ് കരിമ്പനയെന്നതിനാൽ വെട്ടിമാറ്റാതെ സംരക്ഷിച്ചിരുന്നതാണെന്ന് കുടുംബയോഗം വൈസ് പ്രസിഡന്റും തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം വൈസ് പ്രസിഡന്റുമായ ആർ. രാജു കടക്കയം പറഞ്ഞു. സസ്യശാസ്ത്ര ബിരുദധാരിയായ ആർ.രാജു പനയുടെ വലയങ്ങൾ എണ്ണിയാണ് 300 വർഷത്തെ പ്രായം കണക്കാക്കിയത്. പനയുടെ മുകളിലെ കിളിക്കൂട്ടിലുണ്ടായിരുന്ന പരുന്തിൻകുഞ്ഞ് പന വീണ ഉടൻ പറന്നു രക്ഷപെട്ടതും ആഹ്ലാദം പകർന്നെന്ന് പ്രകൃതിസ്നേഹികൂടിയായ രാജു പറഞ്ഞു.