കാഞ്ഞിരപ്പള്ളി മെയിന്‍ ബൈപാസ്സ് ; സ്ഥലം എറ്റെടുപ്പിന് വിജ്ഞാപനമായി..
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകേണ്ട കാഞ്ഞിരപ്പള്ളി മെയിന്‍ ബൈപാസ്സ് റോഡിന് സ്ഥലമേറ്റെടുപ്പിനായുള്ള സര്‍ക്കാര്‍ വിജ്ഞാപനമായി. ഗസറ്റ് വിജ്ഞാപന പ്രകാരം മെയിന്‍ ബൈപാസ്സ് റോഡിന് ആവശ്യമായ സ്ഥലം എറ്റെടുക്കുന്നതിന് 2013 എല്‍.എ.ആര്‍.ആര്‍. ആക്ട് പ്രകാരമുള്ള വിജ്ഞാപനമാണ് റവന്യൂ വകുപ്പ് പ്രസിദ്ധപ്പെടുത്തിയത്.
ബൈപാസ്സിനായി എറ്റെടുക്കുന്ന കാഞ്ഞിരപ്പള്ളി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 11 ലെ 41 റീസര്‍വ്വേ നമ്പരുകളിലായുള്ള 3.5 ഹെക്ടര്‍ സ്ഥലത്തിന്റെ വിവരങ്ങളാണ് പ്രഖ്യാപനത്തിലുള്ളത്. പ്രസ്‌തുത സ്ഥലം എറ്റെടുക്കുന്നതിന് ലാൻഡ് അക്വിസിഷന്‍(ജനറല്‍) തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം നലകികൊണ്ടുള്ള വിജ്ഞാപനമാണ് ഇറങ്ങിയിരിക്കുന്നത്.
ഇനി എറ്റെടുക്കേണ്ട മൂമിയുടെ വില നിശ്ചയിക്കേണ്ട നടപടിയാണ് ചെയ്യേണ്ടത്. ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ക്ക് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ എഴുതിയ ആധാരങ്ങളുടെ പകര്‍പ്പ് എടുത്ത് പരിശോധിക്കും. കൂടാതെ പ്രസ്‌തുത സ്ഥലങ്ങളില്‍ കെട്ടിടങ്ങളോ, വലിയ മരങ്ങളോ ഉണ്ടോയെന്നും പരിശോധിക്കും. തുടര്‍ന്ന് ബി.വി്.ആര്‍ പ്രകാരം ഭൂമിക്ക് വില നിശ്ചയിക്കും. ആറു മാസങ്ങള്‍ക്കുള്ളില്‍ സ്ഥല വില നിശ്ചയിച്ച് നല്‍കിയതിനുശേഷം, പി.ഡബ്ല്യൂ.ഡിക്ക് കൈമാറും. സ്ഥലമേറ്റടുപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി കിഫ്‌ബിയില്‍ നിന്നും 78.69 കോടി രൂപാ അനുവദിച്ചിട്ടുണ്ട്.
ദേശീയപാത 183-ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിന്നും മണിമല റോഡിനും ചിറ്റാര്‍ പുഴക്കും കുറുകെ പാലം നിര്‍മ്മിച്ച് ടൗണ്‍ ഹാളിന് സമീപത്തുകൂടി ആനത്താനം തോട്ടം വഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപത്തുകൂടി പൂതക്കുഴിയില്‍ മദശീയപാതയില്‍ പ്രവേശിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബൈപാസ് റോഡ്. ശരാശരി 15 മുതല്‍ 20 മീറ്റര്‍ വരെ വീതിയില്‍ 1.65 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട ബൈപാസ്സില്‍ ഒരു പാലവും അഞ്ച് കലുങ്കുകളും നിര്‍മ്മിക്കും. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്പ്‌മെന്‍്‌റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.