എംഎൽഎ ഇടപെട്ടു, ഡിവൈഎഫ്ഐ ഏറ്റെടുത്തു, കോവിഡ് ലോക്ക്ഡൗണിൽ പെട്ട്, മലബാറിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധ മാതാവിനേയും മകനെയും തിരികെ കാഞ്ഞിരപ്പള്ളിയിലെത്തിച്ചു.

കാഞ്ഞിരപ്പള്ളി : മുണ്ടക്കയം ഭാഗത്തുനിന്നും എത്തിയ ഒരു വയോധികയും മകനെയും കോവിഡ് ലോക്ക്ഡൗൺ കാലത്ത് , മലബാറിൽ കാഞ്ഞങ്ങാട് ടൗണിൽ അവശനിലയിൽ കണ്ടെത്തി എന്ന പത്രവാർത്ത കണ്ണിലുടക്കിയ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എത്രയും പെട്ടെന്ന് കർമനിരതനാവുകയായിരുന്നു. അവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ച്, പെട്ടെന്നുതന്നെ അവർക്കു വേണ്ടുന്ന അടിയന്തിര സഹായകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും, അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുവാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.

ഒന്നര മാസം മുമ്പ് കോരുത്തോട് പനക്കച്ചിറയിലെ വീട് വിട്ടിറങ്ങിയ സരസമ്മ (58), മകൻ സുരേഷ് (35) എന്നിവരാണ് കാഞ്ഞങ്ങാട്ട് ലോക്ക് ഡൗൺ കാലത്ത് കാഞ്ഞങ്ങാട്ട് എത്തി ടൗണിൽ കുടുങ്ങിയത്. ടൗണിൽ ദിവസങ്ങളോളം അലഞ്ഞ ഇവർക്ക് കൈതാങ്ങായത് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി. കൈയ്ക്കും കാലിനും മുറിവ് പറ്റി വ്രണവുമായി നടന്ന ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശുശ്രൂഷകൾ ചെയ്തു.

തുടർന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിർദേശാനുസരണം ആബുംലൻസിൽ അമ്മയെയും മകനെയും ഡിവൈഎഫ്ഐ പ്രവർത്തകർ കാഞ്ഞങ്ങാട്ടു നിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡംഗം ആന്റണി മാർട്ടിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെ ക്രമീകരണങ്ങൾ നടത്തി.

തുടന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആശുപത്രിയിലെത്തി ഇവരെ സന്ദർശിച്ച് തുടർന്നും എല്ലാവിധാ സംരക്ഷണം ഒരുക്കുമെന്ന് ഉറപ്പ് കൊടുത്തു. ഇവരുടെ പനക്കച്ചിറയിലുള്ള വീട് സംരക്ഷിക്കുമെന്നും, അവർക്ക് സുരക്ഷിതഭവനം ഒരുക്കുമെന്നും എംഎൽഎ അറിയിച്ചു. അമ്മയെയും മകനെയും ഒരുമിച്ച് താമസിപ്പിക്കുവാനുള്ള ഒരു സ്ഥലം ശരിയാക്കിയശേഷം ഇവരെ ഏറ്റെടുക്കുമെന്ന് സംസ്ഥാന ഓർഫനേജ് ബോർഡ് അംഗം ഫാ. റോയി വടക്കേൽ പറഞ്ഞു. ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നന്ദി അറിയിച്ചു. വാർഡംഗം ആന്റണി മാർട്ടിൻ, ഡോ. ബാബു സെബാസ്റ്റ്യൻ, ആർഎംഒ രേഖാ ശാലിനി, റെജി കാവുങ്കൽ എന്നിവർ ഇവർക്ക് ആശുപത്രിയിൽ എല്ലാവിധാ സൗകര്യങ്ങളും ഒരുക്കി കൊടുത്തു.

error: Content is protected !!