എരുമേലി വടക്ക് വില്ലേജിൽ മൂന്ന് തേക്കുമരം മുറിച്ചത് എൽ.എ. പട്ടയഭൂമിയിൽനിന്ന് ; കൈവശഭൂമിയിലെ മരം മുറിച്ചത് സ്വന്തം ആവശ്യത്തിന്
എരുമേലി: വണ്ടൻപതാൽ ഫോറസ്റ്റ് സെക്ഷനിൽ എരുമേലി വടക്ക് വില്ലേജിന്റെ പരിധിയിൽ മൂന്ന് തേക്കുമരം മുറിച്ചത് എൽ.എ. പട്ടയഭൂമിയിൽനിന്നാണെന്ന് കണ്ടെത്തി. ഏഴ് മരം മുറിച്ചതായാണ് അനൗദ്യോഗിക വിവരം. എന്നാൽ ഇതിൽ ഒരെണ്ണം ലാൻഡ് അസൈമെന്റ് ഭൂമിയിലല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് മരങ്ങൾ മുറിച്ച പ്രദേശം എൽ.എ. പട്ടയമാണോയെന്ന് ഭൂമിയുടെ രേഖ സംബന്ധിച്ച് പരിശോധനകൾ നടക്കുന്നതേയുള്ളൂ. ഭൂമിയുടെ തരം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ. ചികിത്സ, മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങി സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് കർഷകർ കൃഷിഭൂമിയിലെ മരങ്ങൾ മുറിക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പട്ടയം ലഭിച്ച സ്ഥലങ്ങൾ കൈമാറ്റം ചെയ്യുകയോ പിൻഗാമികൾക്ക് വീതിച്ച് നല്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസിൽ ആധാരം ഹാജരാക്കി അപേക്ഷ നല്കുന്ന സാഹചര്യവും, ഇത്തരം അപേക്ഷകളിൽ ഭൂമിയുടെ തരം സംബന്ധിച്ച് അവ്യക്തത ഉണ്ടാകാനും സാധ്യതയുള്ളതായി പറയപ്പെടുന്നു.