കോവിഡ് കാലത്ത് ജീവിതങ്ങളെ ചേർത്തുപിടിച്ച് പാറത്തോട്ടിലെ പഞ്ചായത്ത് പ്രതിനിധികൾ
പാറത്തോട്: കർഷകരും സാധാരണക്കാരും തിങ്ങിപ്പാറക്കുന്ന പാറത്തോട് ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് വ്യാപനവും ലോക്ഡൗണും സമ്മാനിച്ച ദുരിതം ചെറുതല്ല. ഈ ദുരിതങ്ങൾക്കിടയിലും പഞ്ചായത്തും ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ജീവിതങ്ങളെ ചേർത്തു നിർത്തി.
പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ നിന്നും ഒരുദിവസം 300 പൊതിച്ചോറുകൾ വിവിധ വാർഡുകളിലേക്കെത്തിച്ചു. കോവിഡ് രോഗബാധിതരായവർക്ക് ബിരിയാണിയടക്കമുള്ള പോഷകാഹാരങ്ങളാണ് ഒരോ ദിവസം നൽകിയത്.
രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ കാഞ്ഞിരപ്പള്ളി രൂപതയുടെ സെന്റ് മേരീസ് പള്ളി ഹാൾ ഡി.സി.സി. ആരംഭിക്കാൻ വിട്ട് നൽകി മാതൃകയായി. പാറത്തോട് കേന്ദ്രമായി യുവാക്കളുടെ നേതൃത്വത്തിൽ നന്മക്കൂട്ടം പ്രവർത്തകർ നിരവധി കുടുംബങ്ങളിൽ സഹായമെത്തിച്ചു. പാറത്തോട്ടിലെ കർഷകനായ സിനിൽ 26 ഏക്കറിലെ കപ്പയും ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി നൽകി. ഗ്രാമപ്രദേശമായ പഞ്ചായത്തിൽ കൂടുതൽ വീടുകളും അടുത്തടുത്താണുള്ളത്. കോവിഡ് വ്യാപനം തടയുന്നതിനായി അടിച്ചിട്ട മേഖലയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, ആശാവർക്കർമാർ, വൊളന്റിയർമാർ തുടങ്ങിയവരും ഉണർന്ന് പ്രവർത്തിച്ചു.
മലനാടിന്റെ കരുതൽ
ലോക്ഡൗൺകാലത്ത് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി 2000 കവർ പാലും ബ്രെഡും ദിവസേന പഞ്ചായത്തിലേക്ക് നൽകി. പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കായി വാർഡംഗങ്ങളുടെ നേതൃത്വത്തിൽ എത്തിച്ച് നൽകി. ആവശ്യമായ എല്ലാവർക്കും മരുന്നും ഭക്ഷണവും എത്തിക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം പറഞ്ഞു.
18-ാം വർഡിൽ 500 കുടുംബങ്ങളിലെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ 750 കുടുംബങ്ങളിലും സഹായമെത്തിക്കാൻ കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും തിരഞ്ഞെടുത്തിരുന്നു.
കുട്ടികൾക്ക് മധുരപലഹാരങ്ങളും
പഞ്ചായത്തിൽ അഞ്ചാം വാർഡിൽ ബേക്കറി ചലഞ്ചിലൂടെ കുട്ടികളുള്ള വീടുകളിൽ മധുരപലഹാരങ്ങൾ എത്തിച്ച് നൽകിയതായി വാർഡംഗം ഡയസ് കോക്കാട്ട് പറഞ്ഞു.
വയോദികർക്ക് ആവിശ്യമായ മരുന്നും 500 ഓളം കുടുംബങ്ങളിൽ ഭക്ഷണ കിറ്റും എത്തിച്ചു. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് പ്രത്യേക വാഹന സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. 200 വിദ്യാർഥികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.