അഞ്ചുവർഷത്തിനിടെ 66 സ്ത്രീധന മരണം ; പത്തുവർഷത്തിനുള്ളിൽ ആയിരത്തിലധികം കേസുകൾ

സംസ്ഥാനത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 2010 മുതൽ വനിതാ കമ്മിഷൻ രജിസ്റ്റർ ചെയ്തത് ആയിരത്തിലധികം കേസുകൾ. ഏറ്റവുമധികം കേസുകൾ തിരുവനന്തപുരം ജില്ലയിൽ. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ 66 സ്ത്രീധന മരണക്കേസുകൾ പോലീസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2010 ജനുവരി ഒന്നുമുതൽ ബുധനാഴ്ചവരെ കമ്മിഷൻ 1096 സ്ത്രീധനപീഡന കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ 874 കേസുകളിൽ തീർപ്പുണ്ടാക്കി. ബാക്കിയുള്ളവ പരിഗണനയിലാണ്. 447 സ്ത്രീധന പീഡനക്കേസുകൾ തിരുവനന്തപുരത്തുമാത്രം രജിസ്റ്റർ ചെയ്തു. ഇതിൽ 340 എണ്ണം തീർപ്പാക്കി. കാസർകോട് ജില്ലയിൽനിന്ന് വന്നത് 12 കേസുകൾ മാത്രം. അതിൽ 11 കേസുകൾ കമ്മിഷൻ തീർപ്പാക്കി. ഒരെണ്ണം പരിഗണനയിലാണ്. എറണാകുളം 84, കോഴിക്കോട് 44, കണ്ണൂർ 16, കൊല്ലം 126, തൃശ്ശൂർ 47 എന്നിങ്ങനെ സ്ത്രീധനപീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവിൽനിന്നുള്ള പീഡനത്തിലും തലസ്ഥാന ജില്ലയാണ് മുന്നിലുള്ളത്. ഇവിടെ 176 കേസുകളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ വനിതാ കമ്മിഷൻ രജിസ്റ്റർ ചെയ്തത്.

2016 മുതൽ ഇക്കൊല്ലം ഏപ്രിൽ വരെ 66 സ്ത്രീധന മരണങ്ങൾ നടന്നതായി സംസ്ഥാന പോലീസും റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിൽനിന്നോ ബന്ധുക്കളിൽനിന്നോ ഉള്ള പീഡനത്തിനെതിരേ പോലീസ് 2016 മുതൽ ഇതുവരെ 15,143 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഈ വർഷം ഏപ്രിൽ വരെ 4707 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. ഇക്കൊല്ലം ആദ്യ നാല് മാസത്തിനിടെ 784 ബലാത്സംഗ കേസുകളും സ്ത്രീകളെ തട്ടിക്കൊണ്ടുപോയതിന് 67 കേസുകളും സ്ത്രീകളെ ശല്യപ്പെടുത്തിയതിന് 1331 കേസുകളും രജിസ്റ്റർ ചെയ്തു.

സ്ത്രീപീഡനം തടയാൻ ‘അപരാജിത’; നിശാന്തിനി നോഡൽ ഓഫീസർ
പത്തനംതിട്ട: സ്ത്രീധനപീഡനവും ഗാർഹിക അതിക്രമവും സംബന്ധിച്ച പരാതികളിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനി പറഞ്ഞു.

ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ ആരംഭിച്ച ‘അപരാജിത’ എന്ന ഓൺലൈൻ പോലീസ് സംവിധാനത്തിന്റെ സംസ്ഥാന നോഡൽ ഓഫീസറായി ആർ.നിശാന്തിനിയെ നിയോഗിച്ചിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം. ഇത്തരം ക്രൂരതകൾ തടയുകയും കുറ്റവാളികൾക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും വേണം. പുരുഷാധിപത്യ ചിന്താഗതിപുലർത്തുന്നവരാണ് സ്ത്രീകളോട് ഈ രീതിയിൽ പെരുമാറുന്നത്.

ഇവരെ നിലയ്ക്കുനിർത്തുന്ന തരത്തിൽ പോലീസ് നടപടിയുണ്ടാകും-നിശാന്തിനി പറഞ്ഞു.

aparachitha.pol@ kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ പരാതികൾ അയയ്ക്കാം. 9497999955 എന്ന നമ്പരിലും പരാതിപ്പെടാം.

error: Content is protected !!