അനാഥാലയത്തിലെ അന്തേവാസി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവേ മരിച്ച സംഭവം : പരാതി അടിസ്ഥാനരഹിതം

കാഞ്ഞിരപ്പള്ളി : പുളിമാവ് ആശ്രമത്തിൽ മൂന്നു വർഷത്തോളം അഭയം നൽകിയിരുന്ന അന്തേവാസി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവേ മരിച്ച സംഭവത്തിൽ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതി, പ്രാഥമിക അന്വേഷണത്തിൽ അടിസ്ഥനരഹിതമാണെന്ന് പോലീസ് വിലയിരുത്തി.


അശരണർക്കും, ആലബഹീനർക്കും ഏതു സാഹചര്യത്തിലും അഭയം നല്കിവന്നിരുന്ന ആശ്രമത്തിനെതിരെ അടിസ്ഥാനനരഹിതമായ പരാതികൾ ഉന്നയിക്കുന്നത് ഏറെപ്പേരെ ദു:ഖിതരാക്കി. ഏതാനും ആഴ്ചകൾക്ക് മുൻപ്, ഏവരാലും ഉപേക്ഷിക്കപ്പെട്ട ഒരാളെ, കോവിഡ് രോഗബാധിതൻ എന്നറിയാതെ, പുളിമാവ് ആശ്രമത്തിൽ സ്വീകരിക്കുകയും തുടർന്ന് അയാളെ താമസിപ്പിച്ച അഗതിമന്ദിരത്തിലെ നൂറോളം പേർക്ക് കോവിഡ് രോഗം പിടികൂടുകയും ചെയ്തിരുന്നു. അത്തരത്തിൽ, ഏവരാലും ഉപേക്ഷിക്കപെടുന്നവർക്ക് അവസാനത്തെ അത്താണിയായി നിലകൊള്ളുന്ന പുളിമാവ് ആശ്രമത്തിനെതിരെ ഇത്തരത്തിൽ അടിസ്ഥാനരഹിതമായ പരാതികൾ ഉന്നയിക്കുന്നത് പ്രതിഷേധാർഹമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

പള്ളിക്കത്തോട് ആനിക്കാട് കാഞ്ഞിരംകുഴി ശൈലജ – (50) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞദിവസം മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി.ക്ക് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

2018 ഓഗസ്റ്റ് മാസം പുളിമാവിലെ അനാഥാലയത്തിൽ പ്രവേശിപ്പിച്ച ശൈലജ മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന രോഗിയായിരുന്നു. രോഗം മൂർച്ഛിക്കുമ്പോൾ ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരുന്ന് വാങ്ങി നൽകിയിരുന്നതുമാണ്. എന്നാൽ കഴിഞ്ഞ 17 – ന് മെഡിക്കൽ കോളേജിൽ ചികിത്സക്ക്എത്തിച്ച ശൈലജ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ കണ്ട പാടുകൾ മുറിവുകൾ ആണെന്ന സംശയം ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

രോഗിണിയായ ശൈലജയെ നല്ലവണ്ണം ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്തതായി ആശ്രമ ഡയറക്ടറും അന്വേഷണത്തിൽ മനസ്സിലായതായി പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു .കഴിഞ്ഞ ജൂൺ 17ന് അസുഖം വർദ്ധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പിന്നിട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മുൻപ് ചിക്കൻബോക്സ് വന്നതിന്റെ പാടുകൾ പുറത്തും ശുചിമുറിയിൽ മുൻപ് തെന്നി വീണ പാട് കാലിലും ഉണ്ടായിരുന്നതായും ,ആശുപത്രിയിൽ കൊണ്ടു പോകുന്നത് വരെ മറ്റ് പാടുകൾ ഒന്നും ശരീരത്ത് ഉണ്ടായിട്ടില്ല എന്നും അനാഥാലയം ഡയറക്ടർ ഫാദർ റോയി മാത്യു വടക്കേൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി സി.ഐ .എൻ.ബിജു അനാഥാലയത്തിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തി അന്വേഷണം നടത്തിയതിന്റെ വെളിച്ചത്തിൽ പരാതിക്ക് അടിസ്ഥാനം ഒന്നും ഇല്ല എന്ന് മനസ്സിലായതായി പോലീസ് പറഞ്ഞു .പോസ്റ്റുമോർട്ടം റിപ്പോർട്ട് എത്തിയശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ശൈലജയുടെ സംസ്ക്കാരം നടത്തി. .

error: Content is protected !!