ജില്ലാപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഒരുമരം @ മുണ്ടക്കയം പദ്ധതിക്ക് തുടക്കമാകുന്നു
മുണ്ടക്കയം: സംസ്ഥാനത്ത് ആദ്യ സമ്പൂർണ പച്ചത്തുരുത്തായി ജില്ലാപഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ മാറുന്നു. ജില്ലാപഞ്ചായത്ത് അംഗം പി.ആർ.അനുപമയുടെ നേതൃത്വത്തിൽ നടത്തുന്ന എ ട്രീ @മുണ്ടക്കയം ഡിവിഷൻ എന്ന കാമ്പയിന്റെ ഭാഗമായി ജൂലായ് ഒന്ന് വന മഹോത്സവത്തോടനുബന്ധിച്ച് ഡിവിഷനിലെ ഏഴുപഞ്ചായത്തുകളിലെ 64 വാർഡുകളിൽ പച്ചത്തുരുത്ത് നിർമിക്കും.
തദ്ദേശസ്വയംഭരണവകുപ്പ്, സാമൂഹിക വനവത്‌കരണ വിഭാഗം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകേരള മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുക. അതത് വാർഡ് മെമ്പർമാർ നിശ്ചിത സ്ഥലം കണ്ടെത്തി ജൈവ വേലിയോടുകൂടിയ തുരുത്ത് സൃഷ്ടിക്കും. പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ കവറുകളിൽ ആവശ്യമായ തൈകൾ സാമൂഹിക വനവത്‌കരണ വിഭാഗം വാർഡുകളിൽ എത്തിക്കും. പരിപാലനം തൊഴിലുറപ്പ് വിഭാഗം നിർവഹിക്കും.
അഞ്ച് വർഷം പൂർത്തിയാകുമ്പോൾ ഏറ്റവും നന്നായി പദ്ധതി വിജയിപ്പിച്ച ഓരോ പഞ്ചായത്ത് തലത്തിലും ഒരു വാർഡ് മെമ്പർക്കും പഞ്ചായത്ത് പ്രസിഡന്റിനും സമ്മാനം നൽകും.