കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെയൊഴുകുന്ന മാലിന്യം നിറഞ്ഞ പൊട്ടത്തോട് മാലിന്യവാഹിയായി
കാഞ്ഞിരപ്പള്ളി: പട്ടണത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന പൊട്ടത്തോട് മാലിന്യവാഹിയായി. ചിറ്റാർ പുഴയുടെ കൈത്തോടായ തോട്ടിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുമിഞ്ഞു. മാലിന്യങ്ങൾ ഒഴുക്ക് തടസ്സപ്പെടുന്നതിനും കാരണമാകും. ശക്തമായ മഴയെത്തിയാൽ സമീപപ്രദേശങ്ങൾ വെള്ളത്തിലാകും. വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിന്നിലൂടെ ഒഴുകുന്ന തോട് ശുചീകരിച്ച് സംരക്ഷിക്കണം.
ഈ തോടിന്റെ അരികിലാണ് പ്രദേശത്തെ കടകളിലേക്ക് വെള്ളമെടുക്കുന്ന കിണർ സ്ഥിതി ചെയ്യുന്നത്. കടകളിൽനിന്നും സമീപത്തുള്ള ഫാക്ടറികളിൽനിന്നും മാലിന്യം തള്ളി കുപ്പത്തൊട്ടിയായി മാറി ഈ ജലസ്രോതസ്സ്. നാട്ടുകാരുടെ പ്രധാന ആശ്രയമായ ഈ തോട് വീണ്ടെടുക്കേണ്ടതുണ്ട്.
പട്ടണങ്ങളിൽ മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടാകണം. ഓടകളും നിർമിക്കണം. ശേഖരിക്കുന്ന മാലിന്യങ്ങൾ നിർമാർജനം ചെയ്യണം. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം.