റബ്ബറിൽനിന്ന് വഴിമാറിയപ്പോൾ സഫറുള്ള മീനിൽ വിജയം കണ്ടെത്തി

കാഞ്ഞിരപ്പള്ളി : വീടിരിക്കുന്ന 20 സെന്റ് സ്ഥലത്ത് നടക്കാൻമാത്രം സ്ഥലം, ബാക്കിയിടമെല്ലാം മീനുകൾക്കും പക്ഷികൾക്കും. ഇടക്കുന്നം കട്ടുപ്പാറ സഫറുള്ളയുടെ ജീവിതം മീൻ, പക്ഷി കൃഷിയിടത്തിലാണ്. വീടിന്റെ മുറ്റം മുതൽ ടെറസിൽ വരെയാണ് കൃഷി.

ചെറിയകപ്പ് വരെ ഇവിടെ മീൻ വളർത്തലിനുള്ള ഇടമാണ്. ഗപ്പിയിനത്തിലുള്ള മീനാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

പലയിനം അലങ്കാരപ്പക്ഷികൾ അദ്ദേഹത്തിന് പണ്ടേയുണ്ട്. വർഷങ്ങളായി പക്ഷികളെ വളർത്തുന്നുണ്ടെങ്കിലും മീൻകൃഷി ആരംഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. റബ്ബർപാൽ കച്ചവടമാണ് ചെയ്തിരുന്നത്. കോവിഡ് പ്രതിസന്ധിമൂലം വ്യാപാരം നിലച്ചതോടെ മീൻ കൃഷിയിലേക്ക് ഇറങ്ങി. ഉപയോഗശൂന്യമായ റബ്ബർപാൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് വീപ്പകളുടെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് കൃഷി ആരംഭിക്കുന്നത്.

വീപ്പ, അക്വേറിയം, തടികുളം, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കുളങ്ങൾ തുടങ്ങിയവയിലായി പതിനായിരത്തിലകം മീനുകൾ സഫറുള്ളയുടെ കൃഷിയിടത്തിലുണ്ട്. പത്ത് രൂപ മുതൽ 4,000 രൂപ വരെ വിലയുള്ള ഗപ്പി മത്സ്യങ്ങളാണ് ഇവിടെയുള്ളത്.

ബോൻഡിയം റെഡ്, ഡെംപോ ഇയർ, പ്ലാറ്റിനം റെഡ്‌റ്റൈൽ, ചില്ലി മൊസൈക്, ഫുൾ ബ്ലാക്ക്, ഫുൾ വൈറ്റ്, തായ്‌വാൻ യെല്ലോ തുടങ്ങി 20 ഇനങ്ങളിലുള്ള മീനുകളും കൃഷിയിടത്തിലുണ്ട്.

ചെലവ് കുറവ്

ചെലവ് കുറഞ്ഞ കൃഷിരീതിയാണ് കൃഷിയിടത്തിലേത്. കുളത്തിൽ മണ്ണിട്ട് ചെടി നട്ട് അതിൽ വെള്ളംനിറച്ചാണ് കൃഷിചെയ്യുന്നത്.

ഇതിനാൽ കൃത്രിമ ഒാക്‌സിജനും അതിനുള്ള വൈദ്യുതി ചെലവുമില്ല. വെള്ളത്തിൽ വളരുന്ന വിവിധയിനങ്ങളിലുള്ള ചെടികളുണ്ട്. കുളത്തിൽ നിറച്ച മണ്ണിലേക്ക് മീനുകളുടെ വിസർജ്യം അടിയുന്നതിനാൽ അടിക്കടി വെള്ളം മാറ്റി കൊടുക്കേണ്ടതുമില്ല.

തടിയുപയോഗിച്ച് നാല് നിലകളിലായി കുളങ്ങൾ നിർമിച്ച് സ്ഥലപരിമിതിയും മറികടക്കുന്നു. മുരിങ്ങയിലയും ഉണക്കചെമ്മീൻ പൊടിച്ച മിശ്രിതവും വാഴയില വെള്ളത്തിൽ ഒരാഴ്ചയോളം ഇട്ട് വെച്ചുണ്ടാകുന്നതുമാണ് തീറ്റയായി നൽകുന്നത്.

മികച്ച വരുമാനം

ലോക് ഡൗണിന് മുൻപ് വരെ 30,000 രൂപ മുതൽ മാസം വരുമാനം ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് മീൻ വാങ്ങുവാൻ ആളുകൾ സഫറുള്ളയുടെ വീട്ടിലെത്തിയിരുന്നു. വീട്ടമ്മമാർ, സംഘങ്ങൾ തുടങ്ങിയവർക്ക് വീട്ടിലിരുന്ന് തന്നെ മികച്ച വരുമാനം ലഭിക്കുന്ന കൃഷിയാണിതെന്ന് സഫറുള്ള പറയുന്നു. മൗലവി പഠനം പൂർത്തിയാക്കിയ മകൻ ആദവും കൃഷിയിൽ സഹായത്തിനായുണ്ട്.

error: Content is protected !!