കോവിഡ് ദുരന്തം : നിർത്തിയിട്ടത് 10,500 ബസുകൾ; ഓടുന്നത് 2,000 മാത്രം; ബസ്സുകൾ നിർത്തിയിട്ടാൽ ഉടമയ്ക്ക് വലിയ നഷ്ടം, ഓടിയാൽ അതിലും വലിയ നഷ്ടം
കോവിഡ് കാലത്ത് സർവീസ് നഷ്ടം പെരുകാതിരിക്കാൻ േകരളത്തിലെ ബഹുഭൂരിപക്ഷം ബസുകളും ഫോം-ജി നൽകി ഓട്ടം നിർത്തി. സംസ്ഥാനത്ത് മൊത്തമുള്ള 12,500 സ്വകാര്യ ബസുകളിൽ 10,500 എണ്ണവും കയറ്റിയിട്ടിരിക്കുകയാണ്. സർവീസ് നിർത്തിെവച്ചതായി കാണിച്ച് ആർ.ടി.ഒ. ഒാഫീസിൽ ബസ്സുടമ സമർപ്പിക്കുന്ന രേഖയാണ് ഫോം-ജി. ഇത് സമർപ്പിച്ചാൽ പീന്നീട് സർവീസ് ആരംഭിക്കുന്ന കാലം വരെയുള്ള റോഡ്-വാഹന നികുതി ഒടുക്കേണ്ടതില്ല. 48 സീറ്റുള്ള ബസിന് മൂന്നു മാസത്തിലൊരിക്കൽ 29,990 രൂപയാണ് നികുതി. ഇതോടൊപ്പം തൊഴിലാളി ക്ഷേമനിധിയിലേക്ക് ഒരാൾക്ക് 4,000 വീതവും അടയ്ക്കണം.
വാഹനം ഓടാതെ കയറ്റിയിട്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ആർ.ടി.ഒ. ഒാഫീസിൽനിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇൻഷുറൻസിനും ഇളവ് കിട്ടും. കോവിഡ് കാലത്തുണ്ടാകുന്ന ഭീമമായ നഷ്ടത്തിൽ നിന്ന് തെല്ല് ആശ്വാസം തേടിയാണ് ബസ്സുടമകൾ ഫോം ജി-യെ ആശ്രയിക്കുന്നത്. സ്ഥരിമായി നിർത്തിയിട്ടാൽ ബസുകളുടെ യന്ത്രവും ടയറുകളും കേടാകും. അതേസമയം ഓടിയാൽ അതിലും വലിയ നഷ്ടം ഉണ്ടാകും.
ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ സ്വകാര്യ ബസുകൾ നിരത്തിലിറക്കാനാകുക. ആഴ്ചയിൽ അഞ്ച് ദിവസം മാത്രമാണ് അനുമതി. അതുപ്രകാരം ചില ബസുകൾക്ക് ആഴ്ചയിൽ രണ്ടു ദിവസവും ചില ബസുകൾക്ക് മൂന്നു ദിവസവും സർവീസ് നടത്താം.
കോവിഡ് മാനദണ്ഡപ്രകാരം സീറ്റുകളുടെ എണ്ണത്തിന്റെ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഇപ്പോൾ ഡീസൽവില ലിറ്ററിന് നൂറോടടുക്കുകയും ചെയ്തു. ഇൗ പശ്ചാത്തലത്തിൽ എല്ലാ സ്വകാര്യ ബസുകളും ജൂൺ 30-ന് ഫോം ജി സമർപ്പിച്ച് നിർത്തിയിടാനാണ് പ്രൈവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് അസോസിയേഷന്റെ തീരുമാനം.
വൻകിട കമ്പനികളും തകർന്നു
നാറ്റ്പാകിന്റെ കണക്ക് പ്രകാരം 2001-ൽ കേരളത്തിൽ 400-ൽ പരം വൻകിട ബസ് കമ്പനികളുണ്ടായിരുന്നു. ഇപ്പോൾ, 10-ൽക്കൂടുതൽ ബസുകളുള്ള 24 കമ്പനികൾ മാത്രം. 160 ബസുകളുണ്ടായിരുന്ന മയിൽവാഹനം ഗ്രൂപ്പിന് ഇപ്പോൾ രണ്ട് ബസുകൾ മാത്രമെന്നത് ഒരു ഉദാഹരണം മാത്രം.