നാടൻ പച്ചക്കറികളിലും കീടനാശിനി വിഷാംശം കൂടുതലെന്ന് പരിശോധനയിൽ കണ്ടെത്തി
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന പച്ചക്കറികളിൽ മാത്രമല്ല രാസകീടനാശിനി വിഷാംശം. നമ്മുടെ നാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ചില വിളകളിലും അതുണ്ടെന്ന് കൃഷിവകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും ഏറ്റവും ഒടുവിലത്തെ കീടനാശിനി അവശിഷ്ട പരിശോധനാ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ഇവിടത്തെ കർഷകരിൽനിന്ന് ശേഖരിച്ച പയറിന്റെ അഞ്ച് സാമ്പിളുകളിലായി ഏഴ് കീടനാശിനികളുടെ അവശിഷ്ടമാണ് കണ്ടെത്തിയത്.
ലാംബ്ഡാസൈഹാലോത്രിൻ, ഇമിഡാക്ലോപ്രിഡ്, കാർബൻഡാസിം, അസോക്‌സിസ്‌ട്രോബിൻ, ക്‌ലോതയാനിഡിൻ, മെറ്റാലാക്‌സിൽ, തയാമെത്തോക്‌സാം എന്നിവയാണ് ഈ കീടനാശിനികൾ. ഇവയിൽ ആദ്യത്തെ രണ്ടെണ്ണം ‘ഉഗ്രവിഷം’ എന്ന വിഭാഗത്തിൽപ്പെടുന്നതാണ്. മറ്റുള്ളവ ‘മിതവിഷ’ത്തിലും. ഇതൊന്നും പയർകൃഷിക്ക് ശുപാർശ ചെയ്തിട്ടില്ലാത്തതാണ്.
പാവയ്ക്കയുടെ മൂന്ന് സാമ്പിളിൽ നാല് കീടനാശിനികളുടെ സാന്നിധ്യം കണ്ടു. അതിലും രണ്ടെണ്ണം ഉഗ്രവിഷത്തിൽപ്പെടുന്നതാണ്.
കത്തിരിക്കയിലും കുരുമുളകിലും കണ്ടെത്തിയ മോണോക്രോട്ടോഫോസ്, ‘അത്യുഗ്രവിഷം’ ആണ്. ഇവയും അതത് വിളകളിൽ പ്രയോഗിക്കാൻ നിർദേശിച്ചിട്ടുള്ളതല്ല. ചുവന്ന ചീരയിൽ രണ്ടും കോവക്ക, സലാഡ് വെള്ളരി, പടവലം എന്നിവയിൽ ഒന്നുവീതവും ഉഗ്രവിഷകീടനാശിനിയുടെ സാന്നിധ്യമുണ്ടായിരുന്നു.
കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പുകളിൽനിന്ന് ശേഖരിച്ച ചില സാമ്പിളിലും രാസകീടനാശിനി സാന്നിധ്യം ഉണ്ട്. സലാഡ് വെള്ളരിയിൽ മോണോക്രോട്ടോഫോസ് എന്ന അത്യുഗ്രവിഷ കീടനാശിനി. ഇതിനുപുറമേ, അസറ്റാമിപ്രിഡ്, ക്‌ളോർപൈറിഫോസ് എന്നീ ഉഗ്രവിഷ കീടനാശിനികളും. പക്ഷേ, കർഷകരിൽനിന്ന് ശേഖരിച്ച മറ്റ് 21 ഇനം പച്ചക്കറികളിലും ഏഴിനം പഴങ്ങളിലും ഇക്കോഷോപ്പുകളിൽനിന്ന് ശേഖരിച്ച 18 ഇനം പച്ചക്കറികളിലും മൂന്നിനം പഴങ്ങളിലും ഒരുതരത്തിലുമുള്ള രാസകീടനാശിനീസാന്നിധ്യം കണ്ടില്ലെന്നത് ആശ്വാസം നൽകുന്നു.