തമ്പലക്കാടിന്റെ വെളിച്ചമായി മാനവോദയ പകല്‍വീട്‌

കാഞ്ഞിരപ്പള്ളി: കോവിഡ്‌ കാലത്തും തമ്പലക്കാട്‌ എന്ന ഗ്രാമത്തില്‍ കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്ന്‌ മാനവോദയ പകല്‍വീട്‌. കോവിഡിന്റെ പ്രാരംഭഘട്ടം മുതല്‍ തമ്പലക്കാട്‌ മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായം നല്‍കി മാനവോദയ മാതൃകയായി. 


നാട്ടിലെ മുത്തശിമാര്‍ക്ക്‌ ഒത്തു ചേരാനുള്ള കേന്ദ്രമായാണ്‌ കാരിശേരി തറവാട്ടില്‍ പകല്‍വീട്‌ ആരംഭിച്ചത്‌. തമ്പലക്കാട്‌ എന്‍.എസ്‌.എസ്‌. യു.പി. സ്‌കൂളിലെ പ്രധാന അധ്യാപികയായി വിരമിച്ച കാരിശേരി കെ.എന്‍. തങ്കമ്മയുടെ (87) നേതൃത്വത്തിലാണ്‌ മാനേവോദയ പകല്‍വീട്‌ പ്രവര്‍ത്തിക്കുന്നത്‌. 2003 മുതല്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി പ്രവര്‍ത്തനമാരംഭിക്കുകയും നാലു വര്‍ഷത്തിന്‌ മുമ്പ്‌ പകല്‍വീട്‌ ആരംഭിക്കുകയുമായിരുന്നു. കെ.എന്‍. തങ്കമ്മയുടെ ആഗ്രഹപ്രകാരം മക്കള്‍ പിറന്നാള്‍ സമ്മാനമായി ആരംഭിച്ചതാണ്‌ പകല്‍വീട്‌.
ദൈനംദിന ചെലവുകള്‍ മക്കളുടെ സംഭാവനയും തങ്കമ്മ ടീച്ചറിന്റെ പെന്‍ഷനുമെല്ലാം സ്വരൂപിച്ചാണ്‌ നടത്തുന്നത്‌. മേഖലയിലെ മുത്തശിമാര്‍ക്ക്‌ ആശ്രമായി മാറുകയാണ്‌ ഇവിടം. കോവിഡ്‌ വന്നതോടെ പകല്‍വീട്ടില്‍ ഒത്തു ചേരാനായില്ല. എന്നാല്‍ വീടുകളില്‍ കഴിഞ്ഞ്‌ ഓരോരുത്തര്‍ക്കും സഹായമെത്തിച്ചു നല്‍കിയും കൃത്യസമയത്തു തന്നെ രോഗപരിചരണങ്ങള്‍ ലഭ്യമാക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ പച്ചക്കറിത്തോട്ടം നിര്‍മിക്കാനായി ഗ്രോബാഗ്‌, വളം ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ചു നല്‍കി. 


മുത്തശിമാര്‍ മാസ്‌ക്കും പേപ്പര്‍ക്യാരി ബാഗുമൊക്കെ നിര്‍മിച്ച്‌ നല്‍കിയതോടെ മാനവോദയ പ്രവര്‍ത്തകര്‍ അതു വിതരണം ചെയ്‌തു. പകല്‍വീട്ടിലെ മുത്തശിമാര്‍ ഉള്‍പ്പെടെയുള്ള മുപ്പത്തിയഞ്ചോളം കുടുംബങ്ങളില്‍ ലോക്ക്‌ഡൗണ്‍ കാലത്ത്‌ എല്ലാ മാസവും മുടങ്ങാതെ ഭക്ഷ്യ കിറ്റുകളും മരുന്നുകളും രോഗപ്രതിരോധ മരുന്നുകളും എത്തിച്ചു നല്‍കി. കോവിഡ്‌ ബാധിതരെ ആശുപത്രിയിലെത്തിക്കാനായി വാഹനം വിട്ടുനല്‍കി. മേഖലയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക്‌ മാസ്‌ക്‌, സാനിറ്റൈസര്‍, ഹാന്‍ഡ്‌വാഷ്‌ എന്നിവ വിതരണം നടത്തി. പകല്‍വീട്ടില്‍ ഇപ്പോള്‍ ഹാന്‍ഡ്‌ വാഷ്‌, ഫ്‌ളോര്‍ക്ലീനല്‍, സോപ്പ്‌ എന്നിവര്‍ നിര്‍മിക്കുന്ന യൂണിറ്റ്‌ പ്രവര്‍ത്തിക്കുന്നു. 


കോവിഡ്‌ പ്രതിസന്ധി മാറുന്നതോടെ മുത്തശിമാരെല്ലാം ചേര്‍ന്ന്‌ ഇവയുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കും. പകല്‍വീട്ടില്‍ തന്നെ മുത്തശിമാരെല്ലാം ചേര്‍ന്ന്‌ ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നും പച്ചക്കറികള്‍ ലോക്ക്‌ഡൗണ്‍ കാലത്ത്‌ സൗജന്യമായി വീടുകളില്‍ നല്‍കി. വനിതകള്‍ക്ക്‌ തയ്യല്‍ പരിശീലനവും നല്‍കുന്നുണ്ട്‌. കഴിഞ്ഞ ദിവസം അഞ്ച്‌ വനിതകള്‍ക്ക്‌ തയ്യല്‍ മെഷീന്‍ സൗജന്യമായി വിതരണം ചെയ്‌തു

error: Content is protected !!