കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ള ഗര്‍ഭിണിക്ക് സഹായവുമായി ആരോഗ്യ പ്രവര്‍ത്തകന്‍
ഏന്തയാര്‍: കോവിഡ് സമ്പര്‍ക്ക പട്ടികയിലായ യുവതിയ്‌ക്ക് സഹായവുമായി ആരോഗ്യ പ്രവര്‍ത്തകന്‍. നാട്ടുകാരനും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് അസിസ്‌റ്റന്റുമായ ഏന്തയാര്‍ പുത്തന്‍തറയില്‍ ദിനേഷ്‌കുമാറാണ് രക്ഷകനായത്. ഏന്തയാര്‍ സ്വദേശിയായ യുവതിയ്‌ക്കാണ് പ്രസവ ദിനത്തില്‍ തന്നെ കോവിഡ് സമ്പര്‍ക്ക പട്ടികയിലായ വിവരം അറിയുന്നത്.
ഗര്‍ഭിണിയായ യുവതിയെ കഴിഞ്ഞ ദിവസം പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാനിരിക്കവെയാണ് ഭര്‍തൃമാതാവിന് കോവിഡ് പോസിറ്റീവാകുന്നത്. ഇതോടെ ശ്രീദേവിയും കുടുംബവും ഒന്നാം സമ്പര്‍ക്കപട്ടികയിലുമായി.
വാഹനത്തിനായി നിരവധി പേരെ ഭര്‍ത്താവും സുഹൃത്തുക്കളും ആവശ്യകത അറിയിച്ചെങ്കിലും കോവിഡ് സമ്പര്‍ക്ക പട്ടികയിലായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. ദിനേശ് കുമാര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ഗൈനോക്കോജിസ്‌റ്റ് ഡോ. അഞ്‌ജനയുമായി ഫോണില്‍ ബന്ധപെട്ട് വിവരങ്ങള്‍ അറിയിച്ചു.
കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളയാള്‍ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമെ ശസ്‌ത്രക്രിയ ചെയാനാവു എന്നും, രണ്ടു മണിക്കൂറിനകം മെഡിക്കല്‍ കോളജില്‍ കൊണ്ടു പോകണമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഉടന്‍ തന്നെ അവധിയിലായിരുന്ന ജീവനക്കാരന്‍ യുവതിയുടെ വീട്ടിലെത്തുകയും രക്‌ത സമ്മര്‍ദം ഉയര്‍ന്ന യുവതിയെ തന്റെ കാറില്‍ അതിവേഗതയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളജിലെത്തിയ യുവതി ശസ്‌ത്രക്രിയയിലൂടെ ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കി. ദിനേശ് കുമാറിന്റെ അവസരോചിതമായ ഇടപെടലാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായത്.