റബർ ആവർത്തന കൃഷി സബ്സിഡി പുനഃസ്ഥാപിക്കണം: കർഷക കോൺഗ്രസ്
കാഞ്ഞിരപ്പള്ളി: മൂന്നു പതിറ്റാണ്ടുകളിലേറെയായി ചെറുകിട റബർ കർഷകർക്ക് റബർ ബോർഡ് നൽകി വന്നിരുന്ന ആവർത്തന കൃഷിക്കുള്ള സബ്സിഡി കേരളം ഉൾപ്പെടുന്ന ദക്ഷിണ സോണിൽ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കർഷക കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി.
ആവർത്തന കൃഷി നടത്തുന്നതിന് ഹെക്ട്ടറിന് 30,000 രൂപ സബ്സിഡി നൽകിയിരുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലച്ചിരിക്കുകയാണ്. സബ്സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ നിവേദനങ്ങൾ നൽകി കാത്തിരിക്കുമ്പോഴാണ് പദ്ധതി തന്നെ നിർത്തലാക്കാൻ പോവുകയാണെന്ന വാർത്തകൾ പുറത്തു വരുന്നത്. ബിജെപി സർക്കാരുകൾ ഭരിക്കുന്ന ആസാം ഉൾപ്പടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തേജക പാക്കേജുകൾ അനുവദിക്കുന്നതിനാണ് കേരളം ഉൾപ്പടെയുള്ള ദക്ഷിണ സോണിലെ കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എടുത്തുകളയുന്നത്. ഇത് കടുത്ത അനീതിയാണെന്നും ആവർത്തന കൃഷി സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്നു കേന്ദ്ര സർക്കാർ അടിയന്തരമായി പിൻമാറണമെന്നും കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സിബു ദേവസ്യയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. രാജു തേക്കുംതോട്ടം, പി. അശോക് ദാസ്, ബെന്നി ജോസഫ് കുന്നേൽ, ഡെന്നീസ് കപ്പലുമാക്കൽ, സാബു കാളാന്തറ എന്നിവർ പ്രസംഗിച്ചു.