പൊൻകുന്നം-കോന്നി പാത നിർമാണം അടുത്ത മാസം പൂർത്തിയാകും
പൊൻകുന്നം: മൂവാറ്റുപുഴ-പൂനലൂർ സംസ്ഥാന പാതയിലെ പൊൻകുന്നം-പ്ലാച്ചേരി റീച്ചിന്റെ ഉദ്ഘാടനം സെപ്റ്റംബർ ആദ്യവാരം പൊൻകുന്നത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ടാം ലെയർ ടാറിംഗ് ജൂലൈ ആദ്യവാരം പൂർത്തിയായശേഷം സിഗ്നൽ ബോർഡുകൾ സ്ഥാപിക്കും. 10 മീറ്റർ റോഡിൽ ഏഴു മീറ്ററിൽ ടാറിംഗും ഇരുവശങ്ങളിലും ഒന്നര മീറ്ററിൽ ടൈലുകൾ പാകിയ നടപ്പാതയുമാണുള്ളത്.
റോഡിലെ വരകളും മാർക്കിംഗുകളും മഴ മാറിയാലുടൻ നടത്തും. പൊൻകുന്നം മുതൽ പ്ലാച്ചേരി വരെ 22.173 കിലോമീറ്റർ പാതയിൽ മൂലേപ്ലാവിലും ചിറക്കടവിലും പുതിയ പാലങ്ങളുടെ നിർമാണം അടുത്തമാസം പൂർത്തിയാകും. തെക്കേത്തുകവലയിലെ കൊടുംവളവ് നിവർക്കാനുള്ള സാധ്യതകൾ പരിഗണനയിലുണ്ട്. പൊന്തൻപുഴ മുതൽ പ്ലാച്ചേരി വരെയുള്ള രണ്ടു കിലോമീറ്റർ വനപാത നിലവിലുള്ള അതേ വീതിയിൽ മരങ്ങൾ വെട്ടിമാറ്റാതെയാണു പുനർനിർമിച്ചിരിക്കുന്നത്.
30.16 കിലോമീറ്റർ ദൈർഘ്യമുള്ള പ്ലാച്ചേരി-കോന്നി റീച്ചിന്റെ നിർമാണം പാതി ഘട്ടത്തിലാണ്. നിലവിൽ ഇത് പൂർത്തിയാകാൻ ഒരു വർഷം താമസമുണ്ടാകും. 29.84 കിലോമീറ്റർ ദൈർഘ്യമുള്ള കോന്നി-പുനലൂർ റീച്ചിന്റെ നിർമാണത്തിനു തുടക്കമായിട്ടുണ്ട്. ഇത് പൂർത്തിയാകാൻ രണ്ടു വർഷം കാലതാമസം വരും.
മൂവാറ്റുപുഴ മുതൽ പൊൻകുന്നം വരെ മൂന്നു റീച്ചുകളിലായി നിർമാണം നാലു വർഷം മുൻപ് പൂർത്തിയായിരുന്നു. പൊൻകുന്നത്ത് കൊല്ലം-തേനി (കെകെ റോഡ്) ദേശീയപാതയുമായി മൂവാറ്റുപുഴ-പുനലൂർ പാത സംഗമിക്കുന്നുണ്ട്.