മൈക്കിൾ എബ്രഹാം കള്ളിവയലിലിന്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി രൂപത അനുശോചിച്ചു

കാഞ്ഞിരപ്പള്ളി : മലയോര മേഖലയുടെ മനസ്സറിഞ്ഞ ദീർഘദർശിയായിരുന്നു മൈക്കിൾ എബ്രഹാം കള്ളിവയലിലെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . ദൈവവിശ്വാസത്തിലടിയുറച്ച് സഹോദരങ്ങളിലേയ്ക്ക് കരങ്ങൾ നീട്ടിയ അദ്ദേഹം ഹൈറേഞ്ചിന്റെ ആദ്ധ്യാത്മിക സാമൂഹിക സാംസ്കാരിക മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നല്കി. ഹൈറേഞ്ചിലെ വിവിധ പള്ളികൾ , കോൺവെന്റുകൾ, അഗതി മന്ദിരങ്ങൾ , പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉദാരമായ സംഭാവനകൾ നൽകി.

മലയോരമേഖലയിലെ ആളുകളെയും തന്റെ സ്ഥാപനത്തിലെ ജീവനക്കാരെയും സ്വന്തം സഹോദരങ്ങളായി കരുതിയ മനുഷ്യസ്നേഹിയും പ്രകൃതി സ്നേഹിയുമായിരുന്നു. റബ്ബർ കൃഷിയെ ജനകീയമാക്കിയ അദ്ദേഹം മലയോര മേഖലയെ ആധുനിക രീതിയിൽ കൃഷി യോഗ്യമാക്കി നൂറുമേനി വിജയം കൊയ്ത് അനേകർക്ക് മാതൃകയായി. കാഞ്ഞിരപ്പള്ളി രൂപത ഇറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഹൈറേഞ്ചിന് നിഷേധിക്കപ്പെടാതിരിക്കുവാനായി നിരവധി സ്ക്കൂളുകൾ തുടങ്ങിയതിനൊപ്പം കുട്ടിക്കാനം മരിയൻ കോളേജിന്റെ സ്ഥാപനത്തിലും അദ്ദേഹം സഹകാരിയായി. മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിനോട് ചേർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സ്ഥാപനത്തിലും വളർച്ചയിലും നിർണായക പങ്ക് വഹിച്ച അദ്ദേഹം പിന്നീട് ആശുപത്രി രൂപത ഏറ്റെടുത്തപ്പോഴും നിർധനർക്കായി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുൾപ്പെടെയുള്ള സഹായ സഹകരണങ്ങൾ തുടർന്നു. മൈക്കിൾ ഏബ്രഹാം കള്ളിവയലിലിന്റെ നന്മ നിറഞ്ഞ ശുശ്രൂഷകളെ കാഞ്ഞിരപ്പള്ളി രൂപത നന്ദിയോടെ സ്മരിക്കുന്നു വെന്നും അദ്ദേഹത്തിൻറെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും പ്രാർത്ഥന വാഗ്ദാനം ചെയ്യുന്നുവെന്നും അനുശോചനസന്ദേശത്തിൽ മാർ ജോസ് പുളിക്കൽ അറിയിച്ചു.

ഹൈറേഞ്ചിന്റെ മണ്ണിൽ സാമൂഹികസേവന ശുശ്രൂഷകൾക്ക് പിതൃ തുല്യനായി കരം പിടിച്ച വ്യക്തിയാണ് മൈക്കിൾ എബ്രഹാം കള്ളിവയലിലെന്ന് കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. മലയോര കാർഷിക വിളകളെ വിപണിയിലെത്തിക്കുന്നതിനും മികച്ച വില ലഭ്യമാക്കുന്നതിനും കർഷകർക്കൊപ്പം എപ്പോഴും അദ്ദേഹം ഉണ്ടായിരുന്നു. എന്താവശ്യത്തിനും കടന്നു ചെല്ലുവാനുള്ള സ്വാതന്ത്ര്യം നല്കുകയും പി. ഡി. എസ്സിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന് സഹായ ഹസ്തവുമായി ഒപ്പമുണ്ടാവുകയും ചെയ്ത മനുഷ്യ സ്നേഹിയായിരുന്നു മൈക്കിൾ കള്ളിവയലിൽ. ഹൈറേഞ്ചിന്റെ ആധ്യാത്മിക സാമൂഹിക സാംസ്കാരിക മേഖലകളിലെല്ലാം അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹം കുട്ടിക്കാനം മരിയൻ കോളേജിന്റെ സ്ഥാപനത്തിലും പീരുമേടും നല്ലതണ്ണിയും കേന്ദ്രമാക്കിയ സാമൂഹ്യസേവന പ്രവർത്തനങ്ങളിലുമുൾപ്പെടെ ഹൈറേഞ്ചിന്റെ സമഗ്ര വളർച്ചയിൽ നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ലെന്നും മാർ മാത്യു അറയ്ക്കൽ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

error: Content is protected !!