തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നിലച്ചു
എരുമേലി: പഞ്ചായത്ത് വക ജീപ്പിന്റെ കാലാവധി കഴിഞ്ഞതോടെ മാസങ്ങളായി തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ വാഹനം ഇല്ലാത്തതിനാൽ പണികൾ നിലച്ചു. ഇതോടെ രാത്രിയിൽ എരുമേലിയിലെ നിരവധി പ്രദേശങ്ങളിൽ വെളിച്ചമില്ലെന്ന് വ്യാപക പരാതി.
വിഷയം കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയിൽ ചർച്ച ചെയ്തെന്നും കണ്ടം ചെയ്യേണ്ട വാഹനം റീ ടെസ്റ്റ് നടത്തി ഉപയോഗിക്കാനുള്ള നടപടികൾക്ക് നിർദേശം നൽകിയെന്നും ഇതിന് അനുമതി ലഭിക്കുന്നില്ലെങ്കിൽ വാടക വ്യവസ്ഥയിൽ വാഹനം ഉപയോഗിക്കാനാണ് ആലോചിക്കുന്നതെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
അഡാട്ട് മാതൃകയിൽ തെരുവ് വിളക്ക് പരിപാലനം നടത്തുന്നതിന്റെ ഭാഗമായാണ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി പഞ്ചായത്തിന്റെ പഴയ ജീപ്പ് വിട്ടുനൽകിയത്. മുമ്പ് എൻജിൻ കത്തിനശിച്ച ഈ ജീപ്പ് ഒരു ലക്ഷത്തിൽ പരം രൂപ ചെലവിട്ടാണ് ഗതാഗത യോഗ്യമാക്കിയത്. പകരം പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെ പൊതു ഉപയോഗത്തിനായി പുതിയ ജീപ്പ് വാങ്ങിയിരുന്നു. വിളക്കുകളുടെ പണികൾക്ക് വേണ്ടി പഴയ ജീപ്പ് ഉപയോഗിക്കാൻ ഇതോടെ പ്രത്യേക അനുമതി വകുപ്പിൽ നിന്നു കിട്ടിയിരുന്നു.
എന്നാൽ വാഹനം ഉപയോഗിക്കാനുള്ള 15 വർഷം കഴിഞ്ഞും വീണ്ടും മാസങ്ങളോളം ഈ വാഹനം ഉപയോഗിച്ചാണ് വിളക്കുകളുടെ പണികൾ നടത്തിക്കൊണ്ടിരുന്നത്. വാഹനം നിരത്തിലിറങ്ങി മോട്ടോർ വാഹന വകുപ്പ് പിടികൂടിയാൽ പഞ്ചായത്ത് അധികൃതർ പിഴ അടയ്ക്കേണ്ടി വരുമെന്നുള്ളത് മുൻനിർത്തി കാലാവധി കഴിഞ്ഞ ജീപ്പ് ഇനി ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രധാന പാതകളിലും വാർഡുകളിലെ റോഡുകളിലുമായി ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച വഴിവിളക്കുകളിൽ മിക്കതും ഇപ്പോൾ തകരാറിലായി പ്രകാശിക്കുന്നില്ല. ഇലക്ട്രീഷൻ, ഡ്രൈവർ ഉൾപ്പെടെ ജീവനക്കാർക്ക് ഇതോടെ ജോലി ഇല്ലാതെ മാസ ശമ്പളം നൽകിക്കൊണ്ടിരിക്കുകയാണ് പഞ്ചായത്ത്.