ബസ് നിരത്തിലിറക്കാൻ പെടാപ്പാടുമായി ബസുടമകൾ
പൊൻകുന്നം: ലോക്ക് ഡൗണിൽ ജി ഫോം നൽകി ഓട്ടം നിർത്തി വച്ച സ്വകാര്യബസുകൾ ഓടിത്തുടങ്ങണമെന്ന് ആർടി ഓഫീസ് അധികൃതർ വാക്കാൽ നിർദേശം നൽകി. നഷ്ടത്തിൽ ഓടിക്കാനാകാതെ ബസ് കയറ്റിയിട്ട ഉടമകൾ പ്രതിസന്ധികാലത്ത് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലും. ബസുകൾ വീണ്ടും റോഡിലിറക്കാൻ വൻതുക കണ്ടെത്തേണ്ട ഗതികേടിലാണ് മിക്ക ബസുടമകളും. ഇൻഷ്വറൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും പുതുക്കണം. അറ്റുകുറ്റപ്പണി നടത്താൻ നല്ലൊരു തുക കണ്ടെത്തണം. ടയറുകൾ മിക്കതും മാറണം.
സർവീസ് തുടങ്ങിയില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കപ്പെടുമെന്ന ഭീതിയിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഒറ്റ ബസുകാർ. കാഞ്ഞിരപ്പള്ളി താലൂക്കിൽ 180 ബസുകളാണുള്ളത്. ഭൂരിഭാഗം ബസുകളും നഷ്ടത്തിലും ഓടുന്നുണ്ട്. ഓടിയാൽ നഷ്ടമേറുന്ന ചില റൂട്ടുകളിലെ ബസുകളും ഒറ്റ ബസുള്ളവരുമാണ് ജി ഫോം നൽകി ബസുകൾ കയറ്റിയിട്ടത്. ജി ഫോം നൽകാൻ ഇനിയും അവസരം ലഭിച്ചില്ലെങ്കിൽ കടക്കെണി ഏറുന്ന സ്ഥിതിയിലാണ് ഇക്കൂട്ടർ.