എരുമേലി ഗ്രാമപ്പഞ്ചായത്തിൽ അവിശ്വാസപ്രമേയം ജൂലൈ അഞ്ചിന് ..

എരുമേലി: ആറുമാസം പൂർത്തിയായതോടെ, എരുമേലി ഗ്രാമപ്പഞ്ചായത്തിൽ അവിശ്വാസത്തിന് കളമൊരുങ്ങുന്നു .. ഭൂരിപക്ഷമുണ്ടായിട്ടും എരുമേലി ഗ്രാമപ്പഞ്ചായത്തിൽ നിർഭാഗ്യം മൂലം നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരികെപ്പിടിക്കാൻ യു.ഡി.എഫ്. കച്ചമുറുക്കി തുടങ്ങി . നിലവിലുള്ള പ്രസിഡന്റിനെതിരേ ജൂലായ്‌ അഞ്ചിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് യു.ഡി.എഫ്. നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് റോയി കപ്പലുമാക്കൽ, മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ്‌ പാർലമെന്ററി കമ്മറ്റിയിലാണ് തീരുമാനം. അടുത്ത മാസം അഞ്ചിന് അവിശ്വാസ പ്രമേയ നോട്ടീസ് വരണാധികാരിക്ക് സമർപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് അറിയിച്ചു.
എന്നാൽ അവിശ്വാസപ്രമേയത്തെ നേരിടാനുള്ള ചരുടുവലികൾ സജീവമാണ് എൽ.ഡി.എഫിൽ.

എരുമേലി ഗ്രാമപ്പഞ്ചായത്തിൽ 11 സീറ്റ് വീതം തുല്യനിലയിലായിരുന്നു യു.ഡി.എഫും എൽ.ഡി.എഫും. യു.ഡി.എഫ്. വിമതനായി മത്സരിച്ച സ്വതന്ത്രൻ വിജയിക്കുകയും യു.ഡി.എഫിനൊപ്പം ചേരുകയും ചെയ്തതോടെ യു.ഡി.എഫ്. ഭരണമുറപ്പിച്ചനിലയിലായിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവാകുകയും സീറ്റുനില തുല്യമായതിനാൽ നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റാവുകയുമായിരുന്നു. അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡന്റ് സ്ഥാനം വീണ്ടെടുക്കുമെന്ന് യു.ഡി.എഫ്. പറയുമ്പോൾ സ്ഥാനം നിലനിർത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.

കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ച 11 സീറ്റിൽ 6 പേർ വനിതകളാണ്. എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനവും വനിതാ സംവരണം. പമ്പാവാലി, ഉമ്മിക്കുപ്പ, പൊര്യൻമല വാർഡുകളിൽ വിജയിച്ചവരാണ് പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ആദ്യ ഒരു വർഷം പമ്പാവാലി വാർഡിലെ ജനപ്രതിനിധിക്കും, പിന്നെയുള്ള നാല് വർഷത്തിൽ രണ്ട് വർഷം വീതം ഉമിക്കുപ്പ, പൊര്യൻമല വാർഡുകളിലെ ജനപ്രതിനിധികൾക്കുമായി വീതിച്ചുനൽകാൻ ധാരണയായത്. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ കണക്കുകൂട്ടലുകൾ തകിടം മറിയുകയും പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിന് ലഭിക്കുകയുമായിരുന്നു. ജൂലായ്‌ അഞ്ചിന് പഞ്ചായത്ത് കമ്മിറ്റിയിൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകുമെന്നും അതിന് ശേഷമേ പ്രസിഡന്റ് സ്ഥാനം ആർക്കെന്നത് സംബന്ധിച്ച് തീരുമാനിക്കുകയുള്ളൂവെന്നും യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.വി. ജോസഫ് പറഞ്ഞു.

error: Content is protected !!