ഭാഗ്യത്തിന്റെ ഭരണം മാറുമോ? എരുമേലി അവിശ്വാസത്തിലേക്ക്.
എരുമേലി : നറുക്കെടുപ്പിൽ ഇടതുപക്ഷത്തിന് കിട്ടിയ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാൻ ഭരണം ആറ് മാസം പൂർത്തിയായതോടെ
അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് കോൺഗ്രസ് യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോയി കപ്പലുമാക്കൽ, മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി കമ്മറ്റിയിലാണ് തീരുമാനം. അടുത്ത മാസം അഞ്ചിന് അവിശ്വാസ പ്രമേയ നോട്ടീസ് വരണാധികാരിക്ക് സമർപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് അറിയിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് തർക്കമില്ലെന്നും നേരത്തെ ഇത് സംബന്ധിച്ച് ധാരണയിലായതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യുഡിഎഫിന്റെ പഞ്ചായത്ത് അംഗങ്ങളെല്ലാം കോൺഗ്രസ് പ്രതിനിധികളാണ്. കോൺഗ്രസിന്റെ 11 പഞ്ചായത്ത് അംഗങ്ങളിൽ എല്ലാവരും പാർട്ടിയുടെ പാർലമെന്ററി യോഗത്തിൽ പങ്കെടുത്തു. പിന്തുണ നൽകിയ സ്വതന്ത്ര അംഗം ഇ ജെ ബിനോയ് പങ്കെടുത്തില്ലെങ്കിലും അവിശ്വാസ പ്രമേയത്തിൽ ഒപ്പിടാമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിനോയ് ഉൾപ്പെടെ 12 അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി തേടി നോട്ടീസ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 23 അംഗങ്ങൾ ഉള്ള എരുമേലി പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 11 വീതം തുല്യ അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. ആറ് മാസം മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര അംഗം ബിനോയി യുഡിഎഫി നെ പിന്തുണച്ചതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനത്ത് യുഡിഎഫി ലെ സുബി സണ്ണി വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫി നിന്നും തങ്കമ്മ ജോർജ്കുട്ടിയാണ് മത്സരിച്ചത്. ബാലറ്റ് പേപ്പറിന്റെ മറുവശത്ത് ഒപ്പിടാതിരുന്നത് മൂലം ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധു ആകുകയും ഇരു പക്ഷത്തും തുല്യ വോട്ട് ലഭിക്കുകയും ചെയ്തതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. നറുക്കെടുപ്പിൽ തങ്കമ്മ ജോർജ്കുട്ടിക്ക് ടോസ് കിട്ടി സ്ഥാനം ലഭിക്കുകയുമായിരുന്നു. അതേസമയം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അസാധുവും അട്ടിമറിയുമുണ്ടായില്ല. കോൺഗ്രസിന് പിന്തുണ നൽകിയ ബിനോയ് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഭരണം ആറ് മാസം പൂർത്തിയാകാതെ ഭരണ മാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കാൻ നിയമപ്രകാരം കഴിയില്ല. ആറ് മാസം പൂർത്തിയാകുന്നത് ഇന്നാണ്. അതിന് മുമ്പേ തന്നെ യോഗം ചേർന്ന് ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അതേസമയം എൽഡിഎഫിൽ വീണ്ടും ഭാഗ്യം തുണയാകുമെന്ന പ്രതീക്ഷയാണ്. ഏതെങ്കിലും കോൺഗ്രസ് അംഗം വോട്ട് അസാധു ആക്കുകയോ വിട്ടു നിൽക്കുകയോ ചെയ്താലാണ് നറുക്കെടുപ്പിലേക്കെത്തുന്ന നിലയിൽ തുല്യ കക്ഷി നില കൈവരിക. അങ്ങനെ സംഭവിച്ചാലും നറുക്കെടുപ്പിൽ ടോസ് കിട്ടിയെങ്കിലാണ് പ്രസിഡന്റ് പദവി ഭാഗ്യമായി ലഭിക്കുക. അതേസമയം അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിക്കാൻ യുഡിഎഫിന് 12 അംഗങ്ങളുടെ പിന്തുണ ഉള്ള നോട്ടീസ് നൽകിയത് കൊണ്ട് മാത്രമാകില്ലെന്ന് സൂചനയുണ്ട്. അനുമതി കിട്ടാൻ കോവിഡ് പ്രോട്ടോക്കോളും നിർണായകമായേക്കും. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനും ഭരണ മാറ്റ നടപടികൾക്കും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തീരുമാനം എടുക്കേണ്ടി വരുമെന്നാണ് സൂചന. കാഞ്ഞിരപ്പള്ളി അസി. സഹകരണ സംഘം രജിസ്ട്രാർ ആണ് വരണാധികാരി. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറോട് ഒരു പക്ഷെ വരണാധികാരി കോവിഡ് പ്രോട്ടോക്കോൾ മുൻനിർത്തി അനുമതി തേടിയേക്കാം. അനുമതി ലഭിച്ചാൽ 15 ദിവസം മുമ്പ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയാണ് പ്രത്യേക കമ്മറ്റി അവിശ്വാസ പ്രമേയ അവതരണത്തിനായി വരണാധികാരി വിളിച്ചു ചേർക്കുക. സംസ്ഥാന ഭരണവും ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽഡിഎഫിനായതിനാൽ അവിശ്വാസ പ്രമേയം കൊണ്ട് വന്ന് പഞ്ചായത്തിൽ യുഡിഎഫ് ഭരണമാറ്റം നേടുന്നത് എരുമേലിക്ക് വികസനം നഷ്‌ടപ്പെടുത്തുമെന്ന് എൽഡിഎഫ് നേതൃത്വം പറയുന്നു. ഇത് മനസിലാക്കി നാടിന്റെ വികസനത്തിന് യുഡിഎഫ് അംഗങ്ങൾ സഹകരിക്കുമെന്നും അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി പറയുന്നു.