മുണ്ടക്കയത്ത് 64 വാർഡുകളിൽ പച്ചത്തുരുത്തുകൾ ഒരുങ്ങും
മുണ്ടക്കയം: ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിലും ഹരിതവഴിയിൽതന്നെയാണ് അനുപമയുടെ യാത്ര. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണായി മൂന്നു വർഷം പ്രവർത്തിച്ചതിന്റെ അനുഭവ സന്പത്തുമായി ജനപ്രതിനിധിയായ പി.ആർ. അനുപമയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ 64 പഞ്ചായത്തു വാർഡുകളിലും പച്ചത്തുരുത്തുകൾ ഒരുങ്ങുകയാണ്.
പൂഞ്ഞാർ തെക്കേക്കര, പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും മുപ്പതോളം ഇനം വൃക്ഷങ്ങളുടെ തൈകൾ നട്ടു വളർത്താൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ഇന്നു രാവിലെ 10.30ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓണ്‍ലൈനിൽ ഉദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുണ്ടക്കയം ദേവയാനം ശ്മശാനത്തിൽ തൈ നട്ട് പദ്ധതിക്കു തുടക്കം കുറിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷത വഹിക്കും.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, എസ്. ഇന്ദു, ടി.പി. സുധാകരൻ, യു.എസ്. സഞ്ജീവ്, ഡോ.ജി. പ്രസാദ്, പി.എസ്. ഷിനോ, ബിനു ജോണ്‍, ജി. അനീസ്, അഭിലാഷ് ദിവാകർ, പി. രമേശ്, എന്നിവർ പ്രസംഗിക്കും.