കോവിഡ് കുറയുന്നില്ല .. കാഞ്ഞിരപ്പള്ളിയിൽ ഇന്നുമുതൽ അധിക നിയന്ത്രണങ്ങൾ, മണിമല പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ..
കാഞ്ഞിരപ്പള്ളി: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഇന്നു മുതൽ അധിക നിയന്ത്രണങ്ങൾ. കാറ്റഗറി ബിയിലേക്കു പഞ്ചായത്ത് മാറിയതോടെയാണ് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ആർ. അൻഷാദ് എന്നിവർ പറഞ്ഞു.
നിലവിൽ 6.95 ആണ് പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായാണ് പഞ്ചായത്തുകളെ തരംതിരിച്ചിട്ടുള്ളത്. ആദ്യ വിഭാഗത്തിൽ ടിപിആർ നിരക്ക് ആറ് ശതമാനമാക്കി ചുരുക്കിയതാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കാറ്റഗറി ബിയിലാകാൻ കാരണം. കാറ്റഗറി സി പോസിറ്റിവിറ്റി 12 ശതമാനത്തിനും 18 ശതമാനത്തിനും ഇടയിലുള്ള മണിമല പഞ്ചായത്തിലും കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി ആറ് ശതമാനത്തിനും 12 ശതമാനത്തിനും ഇടയിലുള്ള പഞ്ചായത്തുകൾ:
വാഴൂര്‍ – 6.17, എരുമേലി – 6.45, കാഞ്ഞിരപ്പള്ളി – 6.95, മുണ്ടക്കയം – 8.1, പാറത്തോട് – 8.67, ചിറക്കടവ് -11.16.
ബി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:
പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചും മറ്റു സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍, ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം.
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമേ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ്, അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.
ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം.
ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
ബാറുകളിലും ബിവറേജ് ഔട്ട്ലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്.
ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ കായിക പരിശീലനത്തിനും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത-സായാഹ്ന സവാരികളും അനുവദനീയമാണ്.
തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി ഏഴു വരെ ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാം.
വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.