ചിറക്കടവിൽ രണ്ടിടത്ത് കോവിഡ് പരിശോധന മുടങ്ങി; കാത്തിരുന്ന് വലഞ്ഞവർ പ്രതിഷേധിച്ചു

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ വ്യാഴാഴ്ച രണ്ടിടത്ത് നടത്തുമെന്ന് പ്രഖ്യാപിച്ച കോവിഡ് ആന്റിജൻ പരിശോധന നടന്നില്ല. പഞ്ചായത്തിൽനിന്നുള്ള അറിയിപ്പനുസരിച്ച് രാവിലെമുതൽ കാത്തിരുന്നവർ പ്രതിഷേധിച്ചു. 

കോട്ടയത്തുനിന്നെത്തേണ്ട പരിശോധകസംഘം സഞ്ചരിച്ച വാഹനം കേടായതിനാലാണ് പരിശോധനയ്ക്ക് കൃത്യസമയത്ത് എത്താനാവാത്തതെന്ന് അധികൃതർ വിശദീകരിച്ചു. ഉച്ചയോടെ സംഘം സ്ഥലത്തെത്തിയെങ്കിലും ആളുകൾ പിരിഞ്ഞുപോയിരുന്നു.

ചിറക്കടവ് അമ്പലത്തിന് സമീപമുള്ള സ്കൂളിലും പൊൻകുന്നം വ്യാപാരഭവനിലും ആന്റിജൻ പരിശോധനയുണ്ടെന്ന് ആശാവർക്കർമാർ നേരത്തേ അറിയിച്ചിരുന്നു. കൂടാതെ, പഞ്ചായത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അറിയിപ്പുനൽകി. ഇതോടെ, രണ്ടിടത്തും നിരവധിയാളുകളാണെത്തിയത്. 

വിവിധ പരീക്ഷകൾക്ക് ഹാജരാകേണ്ട വിദ്യാർഥികളായിരുന്നു എത്തിയവരിലേറെയും. കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കാനെത്തിയ ഇവരിൽ ചിലർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിയെങ്കിലും കോവിഡ് ലക്ഷണമുള്ളവർക്കുമാത്രമാണ് പരിശോധനയെന്നതിനാൽ നടന്നില്ല. 

ഇതോടെ അത്യാവശ്യമായി സർട്ടിഫിക്കറ്റ് വേണ്ടവർ പൊൻകുന്നത്തെ സ്വകാര്യാശുപത്രിയിൽ പണം നൽകി പരിശോധന നടത്തി.

error: Content is protected !!